തിരുവനന്തപുരം: വളർത്തുനായ്‌ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നത് പതിവായ സാഹചര്യത്തിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് ഘടിപ്പിക്കാനുള്ള പദ്ധതി സർക്കാർ പരിഗണനയിൽ. പെറ്റ് ഷോപ്പുകളിൽ നിന്ന് വിൽക്കുന്ന നായ്‌ക്കുഞ്ഞുങ്ങളിലും വീട്ടിൽ വളർത്തുന്ന നായ്‌ക്കളിലുമാണ് ചിപ്പ് ഘടിപ്പിക്കാൻ ആലോചിക്കുന്നത്. കാണാതാകുന്ന നായ്‌ക്കളെ കണ്ടെത്താനും ചിപ്പ് സഹായിക്കും.
നായ്‌ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ 10,000 രൂപവരെ പിഴ ചുമത്തും. ഇതിനായി പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ലൈസൻസിംഗ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും. അരിമണിയുടെ മാത്രം വലിപ്പമുള്ള ചിപ്പ് നായ്‌ക്കളുടെ ചർമ്മത്തിനടിയിലാണ് ഘടിപ്പിക്കുകയെന്നാണ് വിവരം.
അതേസമയം, മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും കൊല്ലാൻ അനുമതി നൽകുന്ന ഉത്തരവ് സർക്കാർ ഇന്നലെ പുറത്തിറക്കി. സുപ്രീംകോടതിയുടെ നിർദ്ദേശം അനുസരിച്ചാണിത്. നായകളെ എങ്ങനെ, എപ്പോൾ കൊല്ലാമെന്നതിന് വിശദമായ മാർഗനിർദ്ദേശം ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.
നേരത്തെ കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകിയിരുന്നു. സംസ്ഥാനത്ത് ഒൻപത് ലക്ഷത്തോളം തെരുവുനായകളാണുള്ളത്. അപകടകാരികളായ തെരുവ് നായകളെ കൊല്ലാൻ മേയ് 19നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ, വിധി നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നില്ല. അത് പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഒരു മാസത്തിനുള്ളിൽ കൃത്യമായ നടപടി കൈക്കൊള്ളാനാവുമെന്നാണ് തദ്ദേശവകുപ്പ് കരുതുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 15,02,737 പേർക്കാണ് സംസ്ഥാനത്ത് തെരുവുനായകളുടെ കടിയേറ്റത്. 122 പേർ പേവിഷബാധയേറ്റ് മരിച്ചു.
The Kerala government is considering RFID chips for pet dogs to curb abandonment, with fines up to ₹10,000. Concurrently, it has permitted local bodies to kill aggressive stray dogs attacking humans, aligning with a Supreme Court directive. This follows over 1.5 million dog bite incidents and 122 rabies deaths in the state over five years.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |