SignIn
Kerala Kaumudi Online
Monday, 05 October 2026 1.17 AM IST

രജിസ്റ്ററില്‍ പേരെഴുതാതെ മൂന്ന് പേര്‍ ബോബിയെ സന്ദര്‍ശിച്ചു; ഒരാളെത്തിയത് തൃശൂരില്‍ നിന്ന്, ഡിഐജിക്കും സൂപ്രണ്ടിനും പണികിട്ടി

READ ENGLISH VERSION
boche

കൊച്ചി: നടി ഹണി റോസിനെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന് വിഐപി പരിഗണന നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ജയിലിനുള്ളില്‍ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ സംഭവത്തില്‍ മദ്ധ്യമേഖല ജയില്‍ ഡിഐജി അജയകുമാര്‍, സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ജയില്‍ ആസ്ഥാന ഡി.ഐ.ജി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

കാക്കനാട് ജില്ലാ ജയിലില്‍ കഴിയവെ ബോബി ചെമ്മണ്ണൂരിനെ കാണാന്‍ വിഐപികള്‍ എത്തിയതും ഇയാള്‍ക്ക് മറ്റ് ചില സൗകര്യങ്ങളും ലഭ്യമായതും നേരത്തെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വകുപ്പ്തല അന്വേഷണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ബോബിക്ക് അനാവശ്യ പരിഗണന നല്‍കിയ സംഭവത്തില്‍ ജയില്‍ ആസ്ഥാന ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു.

ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം നടന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. രജിസ്റ്ററില്‍ പേര് രേഖപ്പെടുത്താതെ ഒരു തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ ബോബി ചെമ്മണ്ണൂരിനെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒരു മണിക്കൂറോളം ഇവര്‍ ബോബിയുമായി കൂട്ടിക്കാഴ്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നു.

അതേസമയം, നടിയെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ മൂന്ന് ദിവസം ജയിലില്‍ കഴിഞ്ഞതിന് പിന്നാലെയാണ് ബോബിക്ക് ജാമ്യം ലഭിച്ചത്. ആദ്യ ദിനത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും പുറത്തിറങ്ങാന്‍ വിസമ്മതിച്ച ബോബിയുടെ നടപടിയെ കോടതി വലിയ രീതിയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE, BOBY CHEMMANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA