SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

മന്ത്രി കെ.മുരളീധരൻ കേരളകൗമുദിയോട് 'ചികിത്സ, മരുന്നു വാങ്ങൽ കൊള്ള അവസാനിപ്പിക്കും' കേരളകൗമുദി പരമ്പരയിലെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളും

READ ENGLISH VERSION
aa

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ അനാരോഗ്യ പ്രവണതകൾ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. കേരളകൗമുദി പ്രസിദ്ധീകരിച്ച 'രോഗികളെ വിഴുങ്ങി മരുന്ന് കൊള്ള' എന്ന പരമ്പരയിൽ ഉയർത്തിയ നിർദ്ദേശങ്ങൾ കൂടി ഉൾക്കൊണ്ടാകും ഭാവി പ്രവർത്തനം. കെ.മുരളീധരൻ കേരളകൗമുദിയുമായി സംസാരിക്കുന്നു:

?മരുന്നു വാങ്ങലിൽ ഗുണമേന്മ ഉറപ്പാക്കുന്നത് എങ്ങനെ?

കെ.എം.എസ്.സി.എൽ വഴി വാങ്ങുന്ന എല്ലാ മരുന്നുകളും ഇന്ന് ഡ്രഗ്സ് കൺട്രോളർ വിഭാഗം പരിശോധിക്കും. സ്വകാര്യ ലാബുകളിൽ പരിശോധിക്കുന്ന രീതി അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

?മരുന്ന് ക്ഷാമം വസ്തുതയല്ലേ

ഗുരുതരമായ പ്രതിസന്ധിയില്ല. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് നടപടികൾ അലങ്കോലമായി. തിരഞ്ഞെടുപ്പ് കാരണം പർച്ചേസ് ഓർഡർ കൊടുത്തില്ല. കമ്പനികൾക്ക് പണം കൊടുക്കാത്തതിന് പിഴയും വന്നു. ഇപ്പോൾ ലോക്കൽ പർച്ചേസ് വഴി ക്ഷാമം മറികടക്കാൻ എല്ലാ സ്ഥാപനങ്ങൾക്കും അനുമതി നൽകിയിട്ടുണ്ട്. സ്റ്റോക്ക് മുൻകൂട്ടി നിരീക്ഷിച്ച് ഇടപെടുന്നതിന് പുതിയ സംവിധാനമൊരുക്കും.

ആശുപത്രികളിലെ യഥാർത്ഥ സ്റ്റോക്ക്, രോഗികളുടെ എണ്ണം, മരുന്നുകളുടെ ഉപയോഗനിരക്ക്, അടുത്ത ദിവസങ്ങളിലും ആഴ്ചകളിലും ഉണ്ടാകാനിടയുള്ള ആവശ്യം, വിതരണത്തിലെ കാലതാമസം എന്നിവ വിലയിരുത്തും. സർക്കാർ ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ സമയബന്ധിതമായി ലഭ്യമാക്കും. പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണും. വിതരണ സംവിധാനത്തിലെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കും. ഇതിനായി ജില്ലാതല നിരീക്ഷണ സംവിധാനം ഉടൻ ഏർപ്പാടാക്കും.

?കെ.എം.എസ്.സി.എൽ മരുന്ന് വാങ്ങലിൽ ക്രമക്കേട് നടന്നുവെന്നാണ് ആക്ഷേപം

മരുന്ന് വാങ്ങലിലെ ക്രമക്കേടിനെക്കുറിച്ചുള്ള വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. അതോടെ ക്രമക്കേടിന്റെ വ്യാപ്തി മനസിലാകും.

?ക്ളിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഒന്നാം പിണറായി സർക്കാർ കൊണ്ടുവന്നത് നിലവിലിരിക്കെ പുതുതായി സ്വകാര്യ ആശുപത്രി നിയമം കൊണ്ടുവരുന്നത് എത്രത്തോളം ഉചിതമാണ്

ആ നിയമം നടപ്പിലായില്ലല്ലോ. നമ്മൾ കൊണ്ടുവരുന്നത് നടപ്പിലാക്കാനുള്ള നിയമമാണ്. നമ്മുടെ നിയമത്തിൽ ചെറിയ ആശുപത്രികളെ സംരക്ഷിക്കും.

?സ്വകാര്യ ആശുപത്രികളുടെ ഫീസ്, മരുന്നുവില ഉൾപ്പെടെയുള്ളവയിൽ നിയന്ത്രണം സാദ്ധ്യമാണോ

സ്വന്തം ഇഷ്ടപ്രകാരം സേവനങ്ങളുടേയും മരുന്നിന്റേയും മറ്റും നിരക്ക് നിശ്ചയിക്കാൻസ്വകാര്യ ആശുപത്രികളെ അനുവദിക്കില്ല. അവിടങ്ങളിലെ മരുന്നുകളുടെ വില സർക്കാർ നിശ്ചയിക്കും.ഇപ്പോൾ സ്വയം തീരുമാനിക്കുന്ന നിലയാണ്. അതുമാറ്റും. പല സ്വകാര്യ ആശുപത്രികളിലും മുറിവാടക വളരെ കൂടുതലാണ്. അതൊരു മീഡിയം ലെവലാക്കും. സ്വകാര്യ ആശുപത്രികൾ കുറിപ്പടി രോഗിക്ക് കൊടുക്കുന്നില്ല. അവരുടെ തന്നെ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങാൻ നിർബന്ധിക്കുന്നു. ഇതും അംഗീകരിക്കാനാവില്ല. ആശുപത്രികളെ പല കാറ്റഗറികളിലാക്കുന്ന കാര്യവും പരിഗണനയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALIDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA