
കണ്ണൂർ: വയലാർ പുരസ്കാരത്തിന് അർഹമായ 'ആത്രേയകം' നോവലിനെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച ഡോ.വിനയശ്രീക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകാൻ എഴുത്തുകാരി ആർ.രാജശ്രീ. തലശേരി മുൻസിഫ് കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണിത്.
വിനയശ്രീക്കെതിരെ രാജശ്രീ നൽകിയ സിവിൽ കേസിനെ തുടർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ അപകീർത്തികരമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. എന്നാൽ വയലാർ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിനയശ്രീ പഴയ ആരോപണം വീണ്ടും ഉന്നയിച്ചെന്നും ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നുമാണ് രാജശ്രീയുടെ നിലപാട്. കേസ് നിലനിൽക്കുന്നതിനാൽ പ്രതികരിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കി.
2017 മുതൽ 2019 വരെ പ്രസിദ്ധീകരിച്ച തന്റെ നോവലുകളായ 'പാഞ്ചാലിയുടെ ഏഴുരാത്രികൾ', 'ഹിഡുംബി', 'ശിഖണ്ഡി' എന്നിവയിലെ ആശയങ്ങളും സന്ദർഭങ്ങളും ആത്രേയകത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിനയശ്രീ ആരോപിക്കുന്നത്. പുരസ്കാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അവാർഡ് നിർണയസമിതിക്കും മുഖ്യമന്ത്രിക്കും സാംസ്കാരികമന്ത്രിക്കും പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |