SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.40 PM IST

കാരണക്കാർക്കെതിരേ കൊലക്കുറ്റം ചുമത്തണം : പിതാവ്, റ്റൊരാൾ കൂടി മുഖ്യപ്രതി സ്ഥാനത്ത് വരേണ്ടതുണ്ട്

READ ENGLISH VERSION
photo
സിദ്ധാർത്ഥിന്റെ മാതാപിതാക്കളെയും സഹോദരനെയും അടൂർ പ്രകാശ് എം.പി ആശ്വസിപ്പിക്കുന്നു

നെടുമങ്ങാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് സിദ്ധാർത്ഥിന്റെ കുടുംബം. വൈസ് ചാൻസലർക്കെതിരെ നടപടിയെടുത്ത നട്ടെല്ലുള്ള ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. കോളേജ് ഡീനിനും അസി.വാർഡനും എതിരായും ഉടൻ നടപടി വേണമെന്ന് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. ഡീനിനെതിരെ നടപടിയെടുക്കാൻ വി.സിക്ക് കഴിയുമായിരുന്നു.എന്നാൽ അത് ഉണ്ടായില്ല.

വീട്ടിൽ വന്ന് സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ നടപടിയെടുക്കുമെന്ന് വി.സി ഉറപ്പ് നൽകിയിരുന്നു. വി.സിയെ സസ്പെൻഡ് ചെയ്തപ്പോൾ മനസിലായി തനിക്ക് നൽകിയ ഉറപ്പ് എന്താണെന്ന്. എന്നാൽ ഗവർണർ വീട്ടിൽ വന്നുനൽകിയ ഉറപ്പ് പാലിച്ചു.

കേസിൽ പതിനെട്ട് പ്രതികളെ പിടികൂടിയെങ്കിലും അവർക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മുഴുവൻ പേർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ചിത്രത്തിൽ ഇതുവരെ ഇല്ലാത്ത മറ്റൊരാൾ കൂടി മുഖ്യപ്രതി സ്ഥാനത്ത് വരേണ്ടതുണ്ടെന്നും ഇക്കാര്യം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ ധരിപ്പിച്ചിട്ടുണ്ടെന്നും ജയപ്രകാശ് 'കേരളകൗമുദി'യോട് പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വം ആരെന്ന് എല്ലാവർക്കും അറിയാം. നീതി നിഷേധിച്ചാൽ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപവാസം തുടങ്ങും.

നേതാക്കൾ സന്ദർശിച്ചു

ജയപ്രകാശിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ ഇന്നലെയും രാഷ്ട്രീയ നേതാക്കൾ കുറെക്കോട്ടെ വീട്ടിലെത്തി. എം.പിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ, ചാണ്ടി ഉമ്മൻ എം.എൽ.എ, വി.എസ്.ശിവകുമാർ, പാലോട് രവി, സി.പി.ജോൺ,ചെറിയാൻ ഫിലിപ്പ്, മാത്യു കുഴൽനാടൻ എം.എൽ.എ, കെ.എസ്.ശബരിനാഥൻ, ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽകൃഷ്ണ തുടങ്ങിയവരാണ് എത്തിയത്.

കേന്ദ്ര ഏജൻസി

അന്വേഷിക്കണം:തരൂർ

സിദ്ധാർത്ഥിന്റെ മരണം കേന്ദ്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ശശിതരൂർ എം.പി പറഞ്ഞു. ഞാൻ കേന്ദ്രത്തിന്റെ ആരാധകനല്ല. എന്നാൽ സിദ്ധാർത്ഥിന്റെ പിതാവിന്റെ ആഗ്രഹവും ഇതുതന്നെയാണ്. ക്യാമ്പസുകളിലെ അക്രമ രാഷ്ട്രീയത്തെ പറ്റി ജ്യുഡിഷ്യൽ അന്വേഷണം നടത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIDHARTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA