
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആറ് മാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ആരോഗ്യ സേവനം തടസമില്ലാതെ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ.മുരളീധരൻ കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഏകോപനത്തിനായി ആരോഗ്യവകുപ്പ് അഡ്മിനിസ്‌ട്രേഷൻ ആൻഡ് ട്രെയിനിംഗ് വിഭാഗം അഡീഷനൽ ഡയറക്ടർ ഡോ.കെ.എസ്.ഷിനുവിനെ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചതായും മന്ത്രി അറിയിച്ചു.
ആദ്യഘട്ടമായി എല്ലാ ജില്ലകളിലും ഓരോ ആശുപത്രിയിൽ മെഡിസിൻ, സർജറി, ഓർത്തോ, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷ്യാലിറ്റി സേവനം ഉറപ്പാക്കും. ഘട്ടം ഘട്ടമായി വ്യാപിപ്പിക്കും. ഇതോടെ വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ദ്ധ ചികിത്സാ സേവനം മുഴുവൻ സമയവും ലഭ്യമാക്കും. ജില്ല ജനറൽ ആശുപത്രികളിൽ രാത്രികാലങ്ങളിലും സേവനം കാര്യക്ഷമമാകുന്നതോടെ മെഡിക്കൽ കോളജിലെ അമിത തിരക്കും നിയന്ത്രിക്കാം. രോഗികൾക്ക് ചികിത്സ, മരുന്ന്, കിടക്ക എന്നിവ അവകാശമായി പ്രഖ്യാപിച്ച് രോഗീ സൗഹൃദ ആശുപത്രികൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷ്യാലിറ്റി സേവനം വ്യാപിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |