SignIn
Kerala Kaumudi Online
Sunday, 31 May 2026 11.52 AM IST

കണ്ണൂർ എന്റെ ഹൃദയരക്തമാണ്; കട്ടക്കലിപ്പിൽ കെ സുധാകരൻ, കോൺഗ്രസിൽ പോര് മുറുകുന്നു

READ ENGLISH VERSION
-k-sudhakaran-

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ പുകയുന്ന തർക്കം പരസ്യ പോരിലേക്ക്. ഹൈക്കമാൻഡ് നിലപാടിനോടുള്ള കടുത്ത വിയോജിപ്പിനെത്തുടർന്ന് മുതിർന്ന നേതാവ് കെ. സുധാകരൻ പാർലമെന്റ് സമ്മേളനം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.

എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നിർദ്ദേശമാണ് സുധാകരനെ ചൊടിപ്പിച്ചത്. കണ്ണൂരിൽ നിന്ന് മത്സരിക്കാൻ തനിക്ക് 110 ശതമാനം താല്പര്യമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് പോരാടാൻ പോലും സന്നദ്ധനാണെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു

ഇതിനിടെ, തന്റെ നിലപാട് വ്യക്തമാക്കി കണ്ണൂരുമായുള്ള ബന്ധത്തെക്കുറിച്ച് ഫേസ്ബുക്കിൽ വൈകാരിക കുറിപ്പുമായി സുധാകരൻ രംഗത്തെത്തി. തന്റെ രാഷ്ട്രീയ ജീവിതവും കണ്ണൂരും തമ്മിലുള്ള അഭേദ്യമായ ബന്ധവുമാണ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നത്.

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല. ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.

ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്. കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസുകാരുടെ ത്യാഗഭൂമിയാണ്.

ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.

എന്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്'. സുധാകരൻ കുറിച്ചു.


സുധാകരന്റെ നീക്കത്തോട് എഐസി.സി ഉൾപ്പെടെയുള്ള ഉന്നത നേതൃത്വത്തിന് പൂർണമായും യോജിപ്പില്ലെന്നാണ് റിപ്പോർട്ടുകൾ. നിലവിലുള്ള എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പൊതുവായ നിലപാടിലാണ് ഹൈക്കമാൻഡ്. അതേസമയം, പാർട്ടി എന്ത് തീരുമാനം എടുത്താലും അത് എല്ലാ എംപിമാരും അനുസരിക്കണമെന്ന് കോൺഗ്രസിലെ മുതിർന്ന നേതാവ് പിജെ കുര്യൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SUDHAKARAN, K SUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA