ആലപ്പുഴ: ഉത്സവപ്പറമ്പുകളിലും പാർട്ടി സമ്മേളനവേദികളിലും ഒരുകാലഘട്ടമാകെ ഉറക്കമിളച്ച് കഥാപ്രസംഗത്തിനായി കാതോർത്ത കാലമോർക്കുമ്പോൾ കേരളത്തിലെ ആദ്യകാല കാഥികയായ തഴവ കെ.പി. ജാനമ്മയ്ക്ക് ഇന്നും അടങ്ങാത്ത ആവേശം. ഭർത്താവിന്റെ മരണവും പ്രായാധിക്യത്താലും കുറച്ചുവർഷങ്ങളായി വേദികളിൽ നിന്ന് വിട്ടുനിന്നുവെങ്കിലും 84 കാരിയായ ജാനമ്മ കഥാപ്രസംഗത്തിൽ വഹിച്ച പങ്ക് നിസാരമല്ല. വി. സാംബശിവനും മറ്റ് സമകാലികർക്കൊപ്പം കഥാപ്രസംഗത്തിന് പ്രചാരം നൽകുന്നതിൽ മുൻപന്തിയിലായിരുന്ന അവർ ഒരു കാലഘട്ടത്തിൽ ഹരം കൊള്ളിച്ച തഴവ കെ.പി ജാനമ്മ ആൻഡ് പാർട്ടിയായിരുന്നു.
തഴവ കുതിരപ്പന്തി കടൂത്തറയിൽ പുരാണ പാരായണ പൈതൃകമുള്ള പരമേശ്വരൻ പിള്ളയുടെയും ജാനകിയുടെയും രണ്ടാമത്തെ മകളാണ് ജാനമ്മ. കുട്ടിക്കാലത്ത് കേട്ടുപഠിച്ച ഭാഗവത കഥകളാണ് ജാനമ്മയെ കഥയുടെയും പാട്ടിന്റെയും ലോകത്തേക്ക് നയിച്ചത്. ഹരികഥാകാലക്ഷേപത്തിലൂടെയാണ് പതിമൂന്നാം വയസിൽ ജാനമ്മ അരങ്ങിലെത്തിയത്. തിരുവിതാംകൂറിലെ പ്രധാന ക്ഷേത്രവേദികളിലെല്ലാം ജാനമ്മയുടെ ഹരികഥ ഹിറ്റായതോടെ നൂറനാട് വേലുപ്പിള്ളയാശാനാണ് കഥാപ്രസംഗകലയിലേക്ക് കൈപിടിച്ചുകയറ്റിയത്. കെ.കെ. വാര്യാർ,എം.എം. സാഹിബ് എന്നിവരുടെ കഥകളായിരുന്നു അക്കാലത്ത് ജാനമ്മ വേദിയിൽ അവതരിപ്പിച്ചിരുന്നത്. പാട്ടുകാരിയായി അനുജത്തി കെ.പി സരസ്വതിയും ഒപ്പം ചേർന്നു.
പതിനായിരത്തോളം വേദികൾ
വ്യത്യസ്തങ്ങളായ ഇരുപതോളം കഥകളിലൂടെ പതിനായിരത്തോളം വേദികളാണ് ജാനമ്മ പിന്നിട്ടത്. ഒരേ വേദിയിൽ സന്ധ്യമുതൽ അടുത്ത പ്രഭാതം വരെ ഇടവേളകളില്ലാതെ രണ്ടും മൂന്നും കഥകൾ. ലേഡി ഡോക്ടർ,അരക്കില്ലം,കുചേലഗതി,അയിഷാമ്മയുടെ പൊന്നുമോൾ തുടങ്ങിയ കഥകൾ ഇന്നും പഴയ തലമുറയ്ക്ക് മധുര സ്മരണയാണ്.
കമ്യൂണിസ്റ്റ് നേതാവും തൊടിയൂർ സഹകരണ ബാങ്ക് പ്രസിഡന്റും പഞ്ചായത്തംഗവുമായിരുന്ന മുടിയിൽ ഗോപാലകൃഷ്ണപിള്ളയാണ് ജാനമ്മയുടെ ഭർത്താവ്. അദ്ദേഹത്തിന്റെ മരണശേഷം കഥാപ്രസംഗരംഗത്ത് നിന്ന് പിൻമാറുകയാരുന്നു. തുടർന്ന് പുരാണ പാരായണത്തിലേക്ക് കൂടുതൽ ശ്രദ്ധചെലുത്തി. ഇപ്പോൾ വിശ്രമ ജീവിതത്തിലാണെങ്കിലും കഥാപ്രസംഗമെന്ന കലാരൂപത്തിന്റെ തിരിച്ചുവരവാണ് ജാനമ്മയുടെ സ്വപ്നം. ഇളയമകൻ ഗോപനൊപ്പം തൊടിയൂർ മുഴങ്ങോടിയിലാണ് ജാനമ്മയുടെ താമസം. മറ്റ് മക്കൾ:കല,കവിത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |