
തിരുവനന്തപുരം: കൈക്കൂലിക്കേസിൽ പിടിയിലായ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് വിരമിച്ച് മൂന്ന് വർഷത്തിന് ശേഷം പിരിച്ചുവിട്ട് കെ.എസ്.ഇ.ബി. 22 വർഷം മുമ്പത്തെ മുൻകാലപ്രാബല്യത്തോടെയാണിത്. മലപ്പുറം പെരിന്തൽമണ്ണയിൽ അസിസ്റ്റന്റ് എൻജിനിയറായിരുന്ന മുഹമ്മദ് ഗലീബ് .വിയ്ക്കെതിരെയായിരുന്നു നടപടി. ഇയാൾക്ക് ഇക്കാലമത്രയും നൽകിയ ശമ്പളവും വിരമിച്ച ശേഷമുള്ള പെൻഷനും പൂർണമായ വിരമിക്കൽ ആനുകൂല്യവും തിരിച്ചുപിടിക്കേണ്ടെന്നും ഉത്തരവിലുണ്ട്.
കൈക്കൂലിക്കേസിൽ 2004 ഏപ്രിൽ 16നാണ് ഗലീബ് കെ.എസ്.ഇ.ബി.യുടെ വിജിലൻസ് വിഭാഗത്തിന്റെ പിടിയിലായത്. തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. 2004 ആഗസ്റ്റ് 23ന് വിജിലൻസ് കുറ്റപത്രം നൽകി. 2004 ഡിസംബർ 13ന് വകുപ്പ്തല അന്വേഷണത്തിനും ഉത്തരവിട്ടു. നടപടിയ്ക്ക് ശേഷം 2005 ആഗസ്റ്റ് 16ന് ഇദ്ദേഹം സർവീസിൽ തിരിച്ചുകയറി. പിന്നീട് 2023 മേയ് 31ന് വിരമിക്കുന്നത് വരെ ജോലി ചെയ്തു. വിരമിച്ചപ്പോൾ ആനുകൂല്യങ്ങളും പിന്നീട് പെൻഷനും നൽകി.
2015 ഫെബ്രുവരി 6ന് വിജിലൻസ് കോടതി ഇദ്ദേഹത്തെ ഒരുവർഷം തടവിന് ശിക്ഷിച്ചുവെങ്കിലും അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച് 2015 മാർച്ച് 20ന് അനുകൂല വിധി നേടി കോടതിയുടെ അന്തിമവിധിയുണ്ടാകുന്നത് വരെ സർവീസിൽ തുടരാൻ അനുമതി വാങ്ങി. ഹൈക്കോടതിയുടെ അന്തിമ വിധി വന്നത് ഗലീബ് സർവീസിൽ നിന്ന് വിരമിച്ച് രണ്ടുവർഷത്തിന് ശേഷം 2025 സെപ്തംബർ 25ന്. അതിൽ വിജിലൻസ് കോടതി ഉത്തരവ് ശരിവയ്ക്കുകയും ഗലീബിനെ പിരിച്ചുവിടുകയായിരുന്നു. തുടർന്ന് 2026 ഏപ്രിൽ ഒന്നിനാണ് കെ.എസ്.ഇ.ബി ഡയറക്ടർ ബോർഡ് ചേർന്ന് തീരുമാനമെടുത്തത്. അതനുസരിച്ച് ഗലീബിനെ 2004 ഏപ്രിൽ 16 മുതൽ സർവീസിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനിച്ച് 2026 മേയ് 19ന് കെ.എസ്.ഇ.ബി ഉത്തരവിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |