
കോഴിക്കോട്/വടകര: കോൺഗ്രസ് നേതാവ് സുധീർകുമാറിന്റെ വീട്ടിലെത്തി തിരുവള്ളൂർ ചാനിയംകടവ് സ്വദേശി ഇബ്രാഹിംകുട്ടി (71) പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ. സുധീർകുമാർ സെക്രട്ടറിയായ കടത്തനാട് സഹകരണ സംഘത്തിൽ നിന്ന് 75 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന ഇബ്രാഹിമിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. പണം ചോദിച്ചപ്പോൾ വധഭീഷണി മുഴക്കിയെന്നും സന്ദേശത്തിലുണ്ട്. വടകര പൊലീസ് അന്വേഷണം തുടങ്ങി.സുധീർ കുമാർ ഒളിവിൽപ്പോയി.
നിക്ഷേപത്തുക പലതവണ ആവശ്യപ്പെട്ടിട്ടും കിട്ടാത്തിതിലുള്ള മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും കുടുംബം പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇബ്രാഹിംകുട്ടി സുധീർകുമാറിന്റെ പഴങ്കാവിലെ വീട്ടിലെത്തി തീകൊളുത്തിയത്. സുധീർകുമാറും കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചെങ്കിലും ആശുപത്രിയിൽ മരിച്ചു. സുധീർകുമാർ ഇപ്പോൾ ഡി.സി.സി സെക്രട്ടറിയല്ലെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ പറഞ്ഞു. ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ തിരഞ്ഞെടുപ്പിൽ സജീവമാകാതിരുന്നതിനാലാണ് മാറ്റിയത്. സൊസൈറ്റിയുമായി പാർട്ടിക്ക് ബന്ധമില്ലെങ്കിലും ചില പ്രവർത്തകർക്ക് ബന്ധമുണ്ട്. അവർ സൊസൈറ്റി തുടങ്ങിയത് പാർട്ടി നേതൃത്വം അറിയാതെയാണെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടൽപണിയെടുത്തും
വസ്തുവിറ്റും സമ്പാദിച്ച പണം
വർഷങ്ങളോളം ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തും വസ്തുവും സ്വർണവും വിറ്റും സമ്പാദിച്ച 75 ലക്ഷമാണ് സൊസൈറ്റി തട്ടിയെടുത്തതെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. തന്റെ ജീവിതം ദുരിതപൂർണമാക്കിയ മുഴുവനാളുകളെയും ശിക്ഷിക്കണം. ഹൃദ്രോഗവും ആസ്ത് മയും മൂലം ജോലി ചെയ്യാനാവാത്ത സാഹചര്യത്തിൽ നിക്ഷേപത്തിൽ നിന്നുള്ള ലാഭവിഹിതം കൊണ്ട് ജീവിക്കാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ വഞ്ചിക്കപ്പെട്ടു. സൊസൈറ്റി തനിക്ക് നൽകിയ ചെക്കുകൾ മടങ്ങിയപ്പോൾ കോടതിയെ സമീപിച്ചു. പൊലീസിൽ നിന്നു നീതി കിട്ടിയില്ല.
മരണമൊഴിയാക്കണം
ഇബ്രാഹിംകുട്ടി ആത്മഹത്യചെയ്തതിൽ പ്രതികൾക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കും കൊലക്കുറ്റത്തിനും കേസെടുക്കണമെന്ന് ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ് സി.ആർ പ്രഫുൽ കൃഷ്ണൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മരിക്കുന്നതിന് തൊട്ട് മുൻപ് ഇബ്രാഹിംകുട്ടി തനിക്കയച്ച ശബ്ദസന്ദേശം പൊലീസിന് കൈമാറും. അത് മരണമൊഴിയായി സ്വീകരിക്കണം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപം പലർക്കും നൽകാനുണ്ട്. ക്രമക്കേടിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |