
കൊച്ചി: യൂട്യൂബർ തൊപ്പി നിഹാദിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്ന പരാതി കളമശേരി പൊലീസിന് കൈമാറി. ആരോപണങ്ങളിൽ പോക്സോ, ലഹരിവിരുദ്ധ നിയമങ്ങൾ പ്രകാരം കേസെടുക്കാൻ അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടിരുന്നു. തുടർന്ന് എറണാകുളം സിറ്റി സൈബർ പൊലീസിന് കൈമാറിയ പരാതി ഇന്നലെ വൈകിട്ടോടെ കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നിർദ്ദേശപ്രകാരം കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു. പരാതി പരിശോധിച്ച് ഇന്ന് തുടർനടപടി സ്വീകരിക്കുമെന്ന് കളമശേരി എസ്.എച്ച്. ഒ പറഞ്ഞു.
2023 ജൂണിൽ വളാഞ്ചേരിയിലെ കട ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അശ്ലീലഗാനം പാടിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും കണ്ണൂർ സ്വദേശിയായ നിഹാദിനെ പൊലീസ് അറസ്റ്റുചെയ്തത് കളമശേരിയിലെ അപ്പാർട്ട്‌മെന്റിൽ നിന്നായിരുന്നു. ഈ കാലയളവിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ് പരാതികൾ.
തൊപ്പി ഗ്യാംഗിൽപ്പെട്ടവർ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണംചെയ്തതെന്നും മയക്കുമരുന്ന് ഉപയോഗിച്ചെന്നുമാണ് ആരോപണം. നിഹാദിന്റെ മുറിയിൽനിന്ന് കഞ്ചാവ് പുറത്തെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു. ശാരീരികമായി ഉപദ്രവിച്ചതായും തൊപ്പി ഗ്യാംഗിലുണ്ടായിരുന്ന മുഹമ്മദ്, ഷമീർ എന്നിവർ പറഞ്ഞു. പിന്നാലെയാണ് ഇതേപ്പറ്റി അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് പെരുമന രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |