
തിരുവനന്തപുരം: വി.ഡി.സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി മാസം ഒന്നു കഴിഞ്ഞിട്ടും ഭൂരിപക്ഷം കോൺഗ്രസ് മന്ത്രിമാർക്കും പേഴ്സണൽ സ്റ്റാഫ് ആയില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പലവിധ ആവശ്യങ്ങൾക്കെത്തുന്ന ജനങ്ങൾ ആരെ കാണണം എന്നറിയാതെ കുഴങ്ങുന്നു. മന്ത്രിമാരുടെ ഓഫീസുകൾക്ക് മുന്നിൽ ഉത്സവ പറമ്പുപോലെ ആൾക്കൂട്ടം. നിയമസഭ സമ്മേളിക്കുമ്പോൾ നിയമസഭാ മന്ദിരത്തിലെ ഓഫീസുകളിലേക്ക് മന്ത്രിമാർക്ക് പോലും കടക്കാനാവാത്ത അവസ്ഥ. ഫയൽ നീക്കത്തെയും ഇത് ബാധിക്കുന്നുണ്ട്.
ആർ.എസ്.പി, കേരളകോൺഗ്രസ് മന്ത്രിമാർക്ക് ചുരുക്കം പേരേകൂടി നിയമിച്ചാൽ മതി. മുസ്ലീം ലീഗ് മന്ത്രിമാരുടെ കുറേ സ്റ്റാഫിനെ നേരത്തേ നിയമിച്ചു. ബാക്കിയുള്ളവരുടെ പട്ടികയും ഇറങ്ങി. മുഖ്യമന്ത്രിയുടെ സ്റ്റാഫിലും നിയമനം നടക്കാനുണ്ട്. രമേശ് ചെന്നിത്തല, കെ.മുരളീധരൻ തുടങ്ങിയവരുടെ ഓഫീസുകളിലാണ് ഏറെക്കുറെ നിയമനങ്ങൾ നടത്തിയത്. 50 ശതമാനം സർക്കാർ സർവീസിൽ നിന്നുള്ള ഡെപ്യൂട്ടേഷൻകാരും ബാക്കി രാഷ്ട്രീയ നിയമനവുമെന്നതാണ് കീഴ്വഴക്കം. അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി നിയമനങ്ങളിൽ അധികവും സർവീസിൽ നിന്നുവേണമെന്നാണ് വ്യവസ്ഥ. രാഷ്ട്രീയ നിയമനങ്ങളിൽ തീരുമാനം പാർട്ടി നേതൃത്വമാണ് എടുക്കേണ്ടതെങ്കിലും മന്ത്രിമാർക്ക് സ്വന്തം ഇഷ്ടപ്രകാരവും നിയമിക്കാം. പാർട്ടി ജില്ലാ നേതൃത്വം , മണ്ഡലത്തിലെ ഘടകം എന്നിവയ്ക്ക് പുറമെ എം.പിമാർ, എം.എൽ.എമാർ, സമുദായ സംഘടനകൾ തുടങ്ങിയവരുടെയും ശുപാർശകൾ എത്തും. ചില മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിലേക്ക് നൂറിലധികം ശുപാർശ കത്തുകൾ എത്തിയതായാണ് അറിയുന്നത്. പ്ളീഡർമാരുടെ നിയമനത്തിൽ കേട്ട പേരുദോഷം ഉണ്ടാവരുതെന്ന കർശന നിലപാടുള്ളതിനാൽ സൂക്ഷ്മ പരിശോധന നടത്തിയാണ് കെ.പി.സി.സി നേതൃത്വം ആൾക്കാരെ നിശ്ചയിക്കുന്നത്.
കീഴ്വഴക്ക പ്രകാരം 30 പേഴ്സണൽ സ്റ്റാഫിനെ വരെ നിയമിക്കാമെങ്കിലും 25 പേർ മതിയെന്നാണ് ധാരണ. മന്ത്രിമാർക്ക് പുറമെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവർക്കും ഇതേ ക്രമത്തിൽ സ്റ്റാഫിനെ നിയമിക്കാം. പട്ടികയ്ക്ക് അന്തിമ രൂപമായിട്ടുണ്ടെന്നും വൈകാതെ നിയമന ഉത്തരവിറങ്ങുമെന്നാണ് കേൾക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |