SignIn
Kerala Kaumudi Online
Friday, 14 August 2026 2.14 AM IST

അഭിമന്യു കേസ്: കോടതി വിരട്ടി, പ്രതികൾ ഹാജർ വിചാരണ സമയക്രമം 17ന് തീരുമാനിച്ചേക്കും

abhimanyu
അഭിമന്യു വധക്കേസിലെ പ്രതികളും സഹായികളും കോടതിയിൽ ഹാജരായ ശേഷം മടങ്ങുന്നു

കൊച്ചി: മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിചാരണക്കോടതിയിൽ ഹാജരായി. മാദ്ധ്യമ സാന്നിദ്ധ്യവും യാത്രാക്ലേശവും ചൂണ്ടിക്കാട്ടി കേസ് നടപടികളിൽ നിന്ന് കഴിഞ്ഞ രണ്ടുതവണയും ഇവർ വിട്ടുനിന്നിരുന്നു. കോടതിയുടെ കർശന നിർദ്ദേശപ്രകാരമാണ് ഇന്നലെയെത്തിയത്.

ആദ്യ ഘട്ടത്തിൽ വിചാരണ നേരിടേണ്ട 16 പേരാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിയത്. സാക്ഷികളെ കൈയേറ്രം ചെയ്യാൻ ശ്രമിച്ചതിലടക്കം പുതുതായി ചുമത്തിയ കുറ്റങ്ങൾ പ്രതികളെ വായിച്ചുകേൾപ്പിച്ചു. ഇവർ കുറ്റം നിഷേധിച്ചു. കേസ് വീണ്ടും തിങ്കളാഴ്ച പരിഗണിക്കും. വിചാരണയ്ക്കുള്ള സമയക്രമവും അന്ന് തീരുമാനിക്കും. ജെ.ഐ. മുഹമ്മദ്, ആരിഫ് ബിൻ സലിം, റിയാസ്‌ ഹുസൈൻ, ബിലാൽ സജി, ഫറൂഖ്‌ അമാനി, പി.എം. റെജീബ്‌, അബ്‌ദുൾ നാസർ, ആദിൽ ബിൻ സലിം, ഷിഫാസ്‌, സഹൽ, ജിസാൽ റസാഖ്‌, മുഹമ്മദ്‌ ഷഹിം, സനീഷ്‌, ഫായിസ്‌, തൻസിൽ, സനിദ്‌ എന്നിവരാണ്‌ ആദ്യ ഘട്ടത്തിൽ വിചാരണ നേരിടേണ്ടത്.

തിരിച്ചറിയാതിരിക്കാൻ പ്രതികളും ഒപ്പമുള്ളവരും മാസ്‌കും തൊപ്പിയും ധരിച്ചിരുന്നു. കോടതിക്കുള്ളിൽ പ്രവേശിച്ചപ്പോഴും ഇത്‌ മാറ്റിയില്ല. ക്യാമറകളിൽ മുഖം പതിയാതിരിക്കാനും ശ്രമിച്ചു. 2018 സെപ്തംബർ 25നാണ്‌ ഇവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്‌. എട്ടുവർഷം മുമ്പാണ് അഭിമന്യുവിനെ കുത്തിക്കൊന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KLK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA