
തിരുവനന്തപുരം: നവരാത്രി വിഗ്രഹ ഘോഷയാത്രയുടെയും ഉത്സവത്തിന്റെയും സുഗമമായ നടത്തിപ്പിനായി ജില്ലാ കളക്ടർ കെ.എസ്.അഞ്ജുവിനേയും റൂറൽ എസ്.പി ബി.കെ.പ്രശാന്തൻ കാണിയേയും കോ ഓർഡിനേറ്റർമാരായി നിയോഗിക്കും. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വംമന്ത്രി കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. ഫയർഫോഴ്സ്, ആരോഗ്യവകുപ്പിന്റെ മെഡിക്കൽ ടീം , ആംബുലൻസ് എന്നിവ ഘോഷയാത്രയിൽ അനുഗമിക്കണം. ഡി.ജെ പരിപാടികൾ അനുവദിക്കില്ല. കേരള,തമിഴ്നാട് ഉദ്യോഗസ്ഥർക്ക് താമസവും ഭക്ഷണവും ഉറപ്പാക്കണം.
നാട്ടാനപരിപാലനിയമം പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കെ.എസ്.ആർ.ടി.സി 65 പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ അറിയിച്ചു. ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർക്ക് തിരുവനന്തപുരത്തെത്താൻ സൗകര്യമൊരുക്കും.
ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്ന് തമിഴ്നാട്ടിലെ സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു. ഘോഷയാത്ര പോകുന്ന സ്ഥലങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗം പൂർത്തിയാക്കാൻ പി.ഡബ്ല്യു.ഡി, കോർപറേഷൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.മുരളീധരൻ നിർദേശം നൽകി. ഘോഷയാത്രയ്ക്ക് കേരള പൊലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകും.
ഒക്ടോബർ 9നാണ് തമിഴ്നാട്ടിലെ പദ്മനാഭപുരം കൊട്ടാരത്തിൽ നിന്ന് സരസ്വതീദേവിവിഗ്രഹവും, ശുചീന്ദ്രത്ത് നിന്നും ദേവിവിഗ്രഹവും കുമാരകോവിലിൽ നിന്നും കുമാരസ്വാമിവിഗ്രഹവും വെള്ളിക്കുതിരയും തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി യാത്ര തിരിക്കുക.
10ന് വിഗ്രഹഘോഷയാത്ര കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങും.11ന് വൈകിട്ട് 6.30ഓടെ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിൽ ഘോഷയാത്രയെത്തും.
സരസ്വതിദേവിയെ നവരാത്രിപൂജയ്ക്കായി നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാലയിലും മുന്നൂറ്റി നങ്കദേവിയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും കുടിയിരുത്തും. ഒക്ടോബർ 12 മുതൽ 21 വരെയാണ് പത്ത് ദിവസത്തെ പൂജകൾ. ഒക്ടോബർ 23 നാണ് തിരിച്ചെഴുന്നെള്ളത്ത്. എം.ആർ.ബൈജു എം.എൽ.എ, ഡെപ്യൂട്ടിമേയർ ആശാനാഥ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, ദേവസ്വം കമ്മിഷണർ സുനിൽകുമാർ, സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി കൃഷ്ണ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |