SignIn
Kerala Kaumudi Online
Friday, 18 September 2026 9.14 AM IST

മാറ്റി വച്ച കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി 11ന്

cong-dcc

തിരുവനന്തപുരം: കെ. സുധാകരന്റെ അസൗകര്യത്തെത്തുടർന്ന് മാറ്റി വച്ച കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം 11ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരും. ശശി തരൂരുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിനകത്ത് രൂപപ്പെട്ട തിരയിളക്കത്തിന് ശേഷം ചേരുന്ന രാഷ്ട്രീയകാര്യസമിതി യോഗം ശ്രദ്ധേയമാകും. തരൂർ സമിതിയിൽ അംഗമല്ലെങ്കിലും ,അദ്ദേഹത്തെച്ചൊല്ലി സമീപകാലത്ത് രൂപപ്പെട്ട തർക്കങ്ങളും വിവാദങ്ങളും സമിതി യോഗത്തിൽ പ്രതിദ്ധ്വനിച്ചേക്കും.അടുത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാനത്തെ ഇടതു സർക്കാരിനെതിരായ പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്താനാണ് കോൺഗ്രസും യു.ഡി.എഫും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ യോഗത്തിൽ നടക്കും.

ആ‌ർ.എസ്.എസുമായി ബന്ധപ്പെട്ട് നേരത്തേ കെ. സുധാകരൻ നടത്തിയ ചില പരാമർശങ്ങൾ വിവാദമുയർത്തിയ വേളയിൽ ചേരാനിരുന്ന യോഗമാണ് മാറ്റിവച്ചത്. ഈ വിവാദങ്ങൾ പിന്നീട് കെട്ടടങ്ങി. സർവകലാശാലാ വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിൽ നടക്കുന്ന പോരിൽ മുസ്ലിംലീഗിലും മറ്റുമുള്ള ഭിന്ന നിലപാടുകളിൽ യു.ഡി.എഫിൽ ആശയക്കുഴപ്പമുണ്ട്. ഗവർണറോട് പൂർണമായി യോജിക്കാതെ തന്നെ, സർവകലാശാലാ വിഷയത്തിൽ അദ്ദേഹമെടുക്കുന്ന നിലപാടുകളെ തുണയ്ക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. നിയമസഭാ സമ്മേളനത്തിൽ സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്ന ബിൽ പരിഗണിക്കുന്നുണ്ട്. സഭാ സമ്മേളനത്തിനിടെ ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഇതിലെ തുടർ സമീപനങ്ങളും ചർച്ചയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA