SignIn
Kerala Kaumudi Online
Sunday, 04 October 2026 6.16 PM IST

രാത്രിയിൽ ഭീഷണിപ്പെടുത്തി തട്ടുകട തുറപ്പിച്ച് എസ്.ഐയും സംഘവും വയറുനിറച്ചു,​ പിറ്റേന്ന് വന്ന് പൂട്ടിച്ചു

police

തിരുവനന്തപുരം: പ്രവർത്തന സമയം കഴിഞ്ഞതിനെ തുടർന്ന് അടച്ച തട്ടുകട ഭീഷണിപ്പെടുത്തി തുറപ്പിച്ച് ഭക്ഷണം കഴിച്ച പൊലീസുകാർ പണം നൽകാതെ മടങ്ങിയെന്നും ഇത് ചോദ്യം ചെയ്തതിന്റെ പേരിൽ എഞ്ചിനിയറിംഗ് ബിരുദധാരികളുടെ കട പൊലീസ് പൂട്ടിച്ചെന്നും പരാതി. പരുത്തിപ്പാറ സ്വദേശികളായ അഖിൽ, അരവിന്ദ് എന്നീ എഞ്ചിനിയറിംഗ് ബിരുദധാരികൾ നടത്തുന്ന ഫാസ്റ്റ് ഫുഡ് തട്ടുകടയിലാണ് സംഭവം. കടതുറന്നുകിട്ടാനും പൊലീസിന്റെ പ്രതികാര നടപടി അവസാനിപ്പിക്കാനും ആവശ്യപ്പെട്ട് യുവാക്കളും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ നേതാക്കളും മുഖ്യമന്ത്രിക്ക് പരാതി നൽകി.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ, രാത്രി 12 മണിക്ക് കടയടച്ച നേരം എസ്.ഐയും സംഘവും ഭക്ഷണം ആവശ്യപ്പെട്ടു കട തുറപ്പിച്ചു. തങ്ങൾക്കു കഴിക്കാനായി മാറ്റിവച്ച ഭക്ഷണം മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. ഇതാണു എസ്.ഐയ്ക്കു നൽകിയത്. കഴിച്ചു കഴിഞ്ഞയുടൻ, തണുത്തുപോയ ഭക്ഷണത്തിനു പണമില്ലെന്നു എസ്.ഐ പറഞ്ഞു. ഇതിനെ ചൊല്ലി തർക്കമുണ്ടായി. ഒടുവിൽ ആഹാരം കഴിച്ചവർ പൊലീസുകാരാണെന്നു മനസിലായതോടെ യുവാക്കൾ പിന്മാറി. എസ്.ഐയും സംഘവും മടങ്ങിയ ഉടൻ പേരൂർക്കടയിൽ നിന്നു പൊലീസ് എത്തി വിവരം അന്വേഷിച്ചു മടങ്ങി.

തൊട്ടടുത്ത ദിവസം ഭക്ഷണം തയാറാക്കി കഴിഞ്ഞയുടൻ പേരൂർക്കട പൊലീസെത്തി കടപൂട്ടിച്ചു. സ്റ്റേഷൻപരിധിയിൽ കടകാണരുതെന്നും ഉദ്യോഗസ്ഥർ താക്കീതു നൽകി. ഒടുവിൽ ഡി.ജി.പി ഓഫിസിലെത്തി യുവാക്കൾ എസ്.ഐയോട് മാപ്പു പറഞ്ഞെങ്കിലും കട തുറന്നു പ്രവർത്തിപ്പിക്കാൻ പേരൂർക്കട പൊലീസ് സമ്മതിച്ചില്ല. കട തുറക്കാൻ കഴിയാതെ വന്നതോടെ ഇവർ വ്യാപാരിവ്യവസായി സമിതി ഭാരവാഹികളെ സമീപിച്ചു.സമിതി ഇടപെട്ടിട്ടും പൊലീസ് പിന്മാറിയില്ല. ഇതിനെ തുടർന്നാണു മുഖ്യമന്ത്രിക്കു പരാതി നൽകിയത്.

അതേസമയം, മോശം ഭക്ഷണം വിളമ്പിയതിനെയാണ് ഡിജിപി ഓഫിസിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. കട നടത്തുന്നവർ ഇതിന്റെ പേരിൽ ഉദ്യോഗസ്ഥരോട് തട്ടിക്കയറി. ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന പരാതി ശരിയല്ല. പഴകിയ ഭക്ഷണമാണ് വിളമ്പിയതെന്നു ബോധ്യപ്പെട്ടതിനെ തുടർന്നു സംരംഭകർ തന്നെയാണ് കട പൂട്ടിപോയതെന്ന് പേരൂർകട സി.ഐ സൈജുനാഥ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE, DGP OFFICE, TRIVANDRUM, HOTEL, CLOSED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA