SignIn
Kerala Kaumudi Online
Sunday, 04 October 2026 12.29 PM IST

നമ്മുടെ കേരളം നമ്പർ 1, രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ ഏഴും കേരളത്തിൽ 

kk-shylaja

തിരുവനന്തപുരം : രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ ആദ്യത്തെ ഏഴു സ്ഥാനങ്ങളും കേരളത്തിൽ നിന്നുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങൾ സ്വന്തമാക്കി. കേരളത്തിന്റെ അഭിമാന നേട്ടം ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചു. രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ്യനിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങി 8 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന് പരിഗണിച്ചത്. ദേശീയ ഗുണനിലവാര അംഗീകാരം തുടർച്ചയായ രണ്ടാം തവണയാണ് ഉയർന്ന സ്‌കോറോടെ കേരളം കരസ്ഥമാക്കുന്നത്. ആരോഗ്യ സൂചികയിൽ കേരളം ഒന്നാമതെത്തിയതിന് പിന്നാലെ കിട്ടുന്ന വലിയ ബഹുമതിയാണ് ഇതെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 7 സ്ഥാനങ്ങളും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ കരസ്ഥമാക്കി. സംസ്ഥാനത്തെ 7 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകരം ലഭിച്ചു.മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കി കുടുബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയ തിരുവനന്തപുരം പൂഴനാട് (സ്‌കോർ: 99), മലപ്പുറം ചാലിയാർ (95), പാലക്കാട് ശ്രീകൃഷ്ണപുരം (94), പത്തനംതിട്ട ഓതറ (93), കോഴിക്കോട് രാമനാട്ടുകര (92), കണ്ണൂർ കൊട്ടിയൂർ (92), തൃശൂർ മുണ്ടൂർ (88) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എൻ.ക്യു.എ.എസ്. ബഹുമതി നേടുന്നത്. 55 കേന്ദ്രങ്ങളാണ് ദേശീയ അംഗീകാരത്തിനായി അയച്ചത്. അതിൽ 32 കേന്ദ്രങ്ങൾക്ക് നേരത്തെ അംഗീകാരം ലഭിച്ചിരുന്നു. 10 കേന്ദ്രങ്ങളുടെ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ മേയ്, ജൂൺ മാസങ്ങളിൽ മൂല്യനിർണയം നടത്തിയ കേന്ദ്രങ്ങളുടെ ഫലമാണ് ഇപ്പോൾ വന്നത്. ഈ വർഷാവസാനത്തോടെ 140 കേന്ദ്രങ്ങൾക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് ശ്രമിക്കുന്നത്.

രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിതശൈലി രോഗ്യനിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങി 8 വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിന് പരിഗണിക്കുന്നത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ മൂല്യ നിർണയങ്ങളിലൂടെയാണ് ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിനായി തെരഞ്ഞെടുക്കുന്നത്. ഈ സംഘങ്ങൾ ഓരോ ആശുപത്രിയും പരിശോധിച്ചാണ് ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയിൽ ഓരോ വിഭാഗത്തിലും എഴുപത് ശതമാനത്തിൽ കൂടുതൽ മാർക്ക് നേടണം.

ദേശീയ ഗുണനിലവാര അംഗീകാരം തുടർച്ചയായ രണ്ടാം തവണയാണ് ഉയർന്ന സ്‌കോറോടെ കേരളം കരസ്ഥമാക്കുന്നത്. തിരുവനന്തപുരം ഒറ്റശേഖരമംഗലം പൂഴനാട് കുടുംബാരോഗ്യ കേന്ദ്രമാണ് 99 എന്ന സ്‌കോറോടെ എൻ.ക്യു.എ.എസ്. കരസ്ഥമാക്കി ദേശിയതലത്തിൽ തന്നെ ശ്രദ്ധ നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം കാസർകോട് കയ്യൂർ കുടുംബാരോഗ്യകേന്ദ്രം ഇതേ സ്‌കോർ നേടിയാണ് രാജ്യത്ത് ഒന്നാമതെത്തിയത്.

ആരോഗ്യ സൂചികയിൽ കേരളം ഒന്നാമതെത്തിയതിന് പിന്നാലെ കിട്ടുന്ന വലിയ ബഹുമതിയാണ് സംസ്ഥാനത്തെ ഒരു കുടുംബാരോഗ്യ കേന്ദ്രം ഗുണനിലവാര മാനദണ്ഡങ്ങളിൽ ദേശീയതലത്തിൽ ഒന്നാമതെത്തുന്നത്. ആർദ്രം പദ്ധതിയുടെ ഭാഗമായി 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു. രണ്ടാം ഘട്ടത്തിൽ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തിട്ടുണ്ട്. വൈകുന്നേരം വരെയുള്ള മികച്ച ഒ.പി. സൗകര്യം, രജിസ്‌ട്രേഷൻ കൗണ്ടറുകൾ, മുൻകൂട്ടി ബുക്കിംഗ് സൗകര്യം, മെച്ചപ്പെട്ട കാത്തിരിപ്പ് സ്ഥലങ്ങൾ, കുടിവെള്ള ടോയിലറ്റ് സൗകര്യങ്ങൾ, സ്ത്രീ സൗഹൃദഭിന്നശേഷി സൗഹൃദം, പ്രിചെക്കപ്പ് ഏരിയ, ലാബുകൾ, ഡിസ്‌പ്ലേകൾ, സ്വകാര്യതയുള്ള പരിശോധനാ മുറികൾ, വിവിധ ക്ലിനിക്കുകൾ എന്നീ സൗകര്യങ്ങൾ കുടംബാരോഗ്യ കേന്ദ്രങ്ങളിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK SHYLAJA, KERALA NO1, HEALH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA