
ആലപ്പുഴ: കേരളകൗമുദിയുടെ വളർച്ച ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ലെന്നും നൂറിലേറെ വർഷങ്ങളായി കേരളകൗമുദി കേരളത്തിൽ നിലാവ് പരത്തുകയാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യപ്രശ്നങ്ങൾക്ക് വാർത്തകളിലൂടെയും നിലപാടുകളിലൂടെയും പരിഹാരം കാണാൻ കേരളകൗമുദിക്ക് സാധിക്കുന്നു. കൗമുദി എന്നാൽ ചന്ദ്രപ്രകാശം എന്നാണ്. സമൂഹം ആഗ്രഹിക്കുന്ന തരത്തിൽ നിലാവ് പോലെ ശാന്തമായ പരിഹാരങ്ങൾ മുന്നോട്ടുവയ്ക്കാൻ കൗമുദിക്ക് കഴിയുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലും സുപ്രധാന സ്ഥാനമുണ്ട്.
സാമൂഹ്യ മാറ്റങ്ങൾ എങ്ങനെയാണ് സംഭവിച്ചതെന്ന് കേരളകൗമുദിയുടെ മുഖപ്രസംഗങ്ങൾ വരച്ചുകാട്ടുന്നു. യഥാർത്ഥത്തിൽ അതൊരു പോരാട്ടത്തിന്റെ പ്രതിഫലനമാണ്. സമൂഹത്തോടും രാഷ്ട്രത്തോടും പ്രതിബദ്ധത പുലർത്തുകയെന്ന ആദർശമാണ് മുന്നോട്ടുവയ്ക്കുന്നത്. സാംസ്കാരിക മൂല്യങ്ങൾ സമൂഹത്തിൽ ക്രമേണ കുറഞ്ഞുവരികയാണ്. കേരളകൗമുദി പോലുള്ള പത്രങ്ങൾക്ക് ഈ വിഷയത്തിൽ ഇടപെടലുകൾ നടത്താനാകും. അല്ലാത്തപക്ഷം വരുംതലമുറയ്ക്ക് ഏറെ നഷ്ടങ്ങളുണ്ടാകും. വായനക്കാരുടെ എണ്ണമല്ല, മറിച്ച് പത്രം സമൂഹത്തിൽ എന്തുമാറ്റമാണ് കൊണ്ടുവരുന്നത് എന്നതാണ് പ്രധാനം. പത്രം കേവലം വിനോദത്തിനുള്ളതല്ല, അത് അറിവ് പകർന്ന് ബോധവത്കരണം നടത്തുന്ന ഒന്നാണെന്നും ഗവർണർ പറഞ്ഞു.
കേരളകൗമുദിയുടേത്
ചരിത്രയാത്ര : ഉപരാഷ്ട്രപതി
ആലപ്പുഴ: തലമുറകളിലൂടെ, കേരളത്തിന്റെ പരിവർത്തനങ്ങളിലൂടെ, ഇന്ത്യൻ ജനാധിപത്യത്തിന്റെ വളർച്ചയിലുടനീളം ആശയവിനിമയം നടത്തിയ ചരിത്രയാത്രയാണ് കേരളകൗമുദിയുടേതെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. 115 വർഷം വെറുമൊരു സംഖ്യയല്ല. ഒരു പത്രം, അതിന്റെ ആയുസിന്റെ ദൈർഘ്യം മാത്രമല്ല അത്, ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവാണ്. പ്രസംഗത്തിൽ കേരള കൗമുദി ചീഫ് എഡിറ്ററെയും കേരള കൗമുദി കുടുംബത്തെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു.
ജനങ്ങളുടെ ശബ്ദം ഉയർത്തുന്നതിൽ കേരളകൗമുദി വഹിച്ച മഹത്തായ പങ്കിനെക്കുറിച്ച് മന്ത്രി റോജി എം.ജോണിന്റെ പ്രസംഗം പരാമർശിച്ചായിരുന്നു പ്രശംസ.
അവകാശങ്ങൾക്കായി ശക്തിയോടെയും ധാർമ്മികമായും പോരാടുന്ന കേരളകൗമുദിയുടെ പാരമ്പര്യം ഒരിക്കലും മാറിയിട്ടില്ലെന്ന ചീഫ് എഡിറ്ററുടെ വാക്കുകൾ പ്രസംഗത്തിൽ ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വാർത്തകളിലൂടെ തെളിവാർന്ന അറിവ് പകർന്ന ഇടപെടലിനെയും അദ്ദേഹം അഭിനന്ദിച്ചു. മണൽ ഖനനം ചെയ്ത് ഖജനാവിലേക്ക് ധനം കണ്ടെത്താമെന്നും ജലസംഭരണ ശേഷി കൂട്ടി വെള്ളപ്പൊക്കമുൾപ്പെടെ പ്രതിരോധിക്കാമെന്നും ചൂണ്ടിക്കാട്ടി നിരന്തരം നൽകിയ വാർത്തകളും മുഖപ്രസംഗങ്ങളും ചീഫ് എഡിറ്റർ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു അത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |