SignIn
Kerala Kaumudi Online
Monday, 05 October 2026 7.09 PM IST

വായ്പാ പരിധി വെട്ടിക്കുറയ്ക്കൽ; സർക്കാരിന്റെ കൈയിൽ വ്യക്തമായ കണക്കുണ്ട്,​ വി മുരളീധരൻ വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

kk

തിരുവനന്തപുരം : കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച വിഷയത്തിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.

അടിസ്ഥാനരഹിതമായ ചില കണക്കുകൾ തയ്യാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് വി മുരളീധരൻ ശ്രമിക്കുന്നതെന്ന് ബാലഗോപാൽ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.

ഈ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കുറിച്ചു

.

സാധാരണഗതിയിൽ കൃത്യമായ കണക്കുകൾ സഹിതമാണ് കടമെടുപ്പ് പരിധി സംബന്ധിച്ച അറിയിപ്പുകൾ കേന്ദ്രം നൽകാറുള്ളത്. ഇത്തവണ വിശദമായ കണക്കുകൾ നൽകിയിട്ടില്ല. ഈ വർഷം ആകെ 15,390 കോടിയാണ് അനുവദിച്ചിട്ടുള്ളതെന്നും , ഏപ്രിൽ മാസം അനുവദിച്ച 2000 കോടി കഴിച്ച് ഇനി 13390 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയൂ എന്നും മാത്രമാണ് കേന്ദ്രത്തിന്റെ മേയ് 26 ലെ കത്തിൽ ഉണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കണക്കുമായി കേന്ദ്ര സഹമന്ത്രി തന്നെ രംഗത്തുവന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി

.

സംസ്ഥാനത്തിന്റെ കടപരിധിയെക്കുറിച്ചും എടുക്കാൻ കഴിയുന്ന കടത്തെക്കുറിച്ചും വ്യക്തമായ ബോധ്യം സംസ്ഥാന സർക്കാറിനുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ചും വ്യക്തമായ കണക്കുകൾ ഇവിടെയുണ്ട്. തന്റെ പദവിയുടെ ഗൗരവം മനസ്സിലാക്കാതെ, അങ്ങേയറ്റം നിലവാരം കുറഞ്ഞ തരത്തിലുള്ള രാഷ്ട്രീയ പ്രചരണങ്ങൾക്കു തയ്യാറാകുന്നത് കേരളം തിരിച്ചറിയുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാന ഗവൺമെന്റിന്റെ കടമെടുക്കുന്നതിനുള്ള പരിധിയിൽ യാതൊരു കുറവും വരുത്തിയിട്ടില്ലന്നും അനാവശ്യമായി പണം ചെലവഴിക്കാൻ കേന്ദ്രം അനുവദിക്കാത്തതാണ് സംസ്ഥാനത്തിന്റെ പ്രശ്നമെന്നും കേന്ദ്ര മന്ത്രി ശ്രീ. വി മുരളീധരൻ പറഞ്ഞതായി മാധ്യമങ്ങളിൽക്കണ്ടു. അദ്ദേഹം ഒരു കണക്കും ഒപ്പം വിതരണം ചെയ്തതായി അറിയുന്നു.

അടിസ്ഥാനരഹിതമായ ചില കണക്കുകൾ തയ്യാറാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമാണ് ശ്രീ. വി മുരളീധരൻ ശ്രമിക്കുന്നത്. ഈ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

സാധാരണഗതിയിൽ കൃത്യമായ കണക്കുകൾ സഹിതമാണ് കടമെടുപ്പ് പരിധി സംബന്ധിച്ച അറിയിപ്പുകൾ കേന്ദ്രം നൽകാറുള്ളത്. ഇത്തവണ വിശദമായ കണക്കുകൾ നൽകിയിട്ടില്ല. 32000 കോടി രൂപയാണ് സർക്കാരിന്റെ അംഗീകൃത കടപരിധി എന്ന ഒരു കത്ത് വന്നതിനു ശേഷം ഈ വർഷം ആകെ 15,390 കോടിയാണ് അനുവദിച്ചിട്ടുള്ളതെന്നും , ഏപ്രിൽ മാസം അനുവദിച്ച 2000 കോടി കഴിച്ച് ഇനി 13390 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് കടമെടുക്കാൻ കഴിയൂ എന്നും മാത്രമാണ് കേന്ദ്രത്തിന്റെ മെയ് 26 ലെ കത്തിൽ ഉണ്ടായിരുന്നത്.

ഈ പശ്ചാത്തലത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന ഒരു കണക്കുമായി കേന്ദ്ര സഹമന്ത്രി തന്നെ രംഗത്തുവന്നത് അങ്ങേയറ്റം ലജ്ജാകരമാണ്.

സംസ്ഥാനങ്ങൾക്ക് നൽകേണ്ട കണക്കുകൾ സംസ്ഥാനങ്ങൾക്ക്‌ അയച്ചു നൽകാതെ, ഇപ്പോൾ കേന്ദ്ര സഹമന്ത്രിക്ക് രഹസ്യമായി അയച്ചുകൊടുക്കുന്നു എന്നാണോ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കേണ്ടത്. സംസ്ഥാനത്തിന്റെ കടപരിധിയെക്കുറിച്ചും എടുക്കാൻ കഴിയുന്ന കടത്തെക്കുറിച്ചും വ്യക്തമായ ബോധ്യം സംസ്ഥാന സർക്കാറിനുണ്ട്. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള സാമ്പത്തിക കാര്യങ്ങളെ സംബന്ധിച്ചും വ്യക്തമായ കണക്കുകൾ ഇവിടെയുണ്ട്.

കേന്ദ്ര ഗവൺമെന്റിനും ആ കണക്കുകൾ അറിയാം. എന്നിരിക്കിലും ആരെങ്കിലും തെറ്റിദ്ധരിക്കുമെങ്കിൽ ആയിക്കോട്ടെ എന്ന് കരുതിയാകണം അദ്ദേഹം ഇത്തരം വിതണ്ഡ വാദങ്ങളുമായി രംഗത്തു വരുന്നത്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഭരണഘടനാപരമായ ഉത്തരവാദിത്വവും കോ-ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ ആശയങ്ങളും ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കേണ്ട ഒരു കേന്ദ്രമന്ത്രി, തന്റെ പദവിയിൽ നിക്ഷിപ്തമായ ഉത്തരവാദിത്വത്തിന്റെ ഗൗരവം മനസ്സിലാക്കാതെ, അങ്ങേയറ്റം നിലവാരം കുറഞ്ഞ തരത്തിലുള്ള രാഷ്ട്രീയ പ്രചരണങ്ങൾക്കു തയ്യാറാകുന്നത് കേരളം തിരിച്ചറിയുക തന്നെ ചെയ്യും.

കേന്ദ്രവും കേരളവും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിൽ ഉണ്ടായിട്ടുള്ള തെറ്റായ തീരുമാനങ്ങൾ തിരുത്തണം എന്ന ആവശ്യവുമായി സംസ്ഥാന ഗവൺമെന്റ് മുന്നോട്ടു പോവുകയാണ്. കേരളത്തിന്റെയും കേരളത്തിന്റെ ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാൻ കേരളത്തിലെ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സർക്കാറിന് ലഭിക്കേണ്ട നികുതി വരുമാനവും മറ്റു വരുമാനങ്ങളും ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തലല്ല ഇതേ സംസ്ഥാനക്കാരനായ ഒരു കേന്ദ്ര സഹ മന്ത്രിയുടെ ഉത്തരവാദിത്വം എന്ന് തിരിച്ചറിയാൻ ഇനിയെങ്കിലും ശ്രീ. വി മുരളീധരൻ തയ്യാറാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KN BALAGOPAL, V MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA