SignIn
Kerala Kaumudi Online
Friday, 12 June 2026 8.44 AM IST

നിപ ബാധിതന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു; നില ഗുരുതരമായി തുടരുന്നു, 15പേർ ഹോം ക്വാറന്റീനിൽ

nipah

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന 43കാരന്റെ ആരോഗ്യനില ഗുരുതരം. രോഗി നിലവിൽ ഐസൊലേഷൻ വാർഡിൽ വെന്റിലേറ്ററിൽ തുടരുകയാണ്. ആരോഗ്യവകുപ്പ് ഇയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മേയ് 30 മുതൽ ജൂണ്‍ 10 വരെയുള്ള രോഗിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.

ജൂണ്‍ രണ്ടിന് രോഗി റെഡ് ക്രെസന്റ് ആശുപത്രിയിൽ എത്തിയിരുന്നു, ഒമ്പതാം തീയതി കോഴിക്കോടുള്ള ആസ്റ്റർ മിംസ് ആശുപത്രിയില്‍ എത്തിയിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഹൈയസ്റ്റ് റിസ്‌ക്, ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട 15 പേർ ഹോം ക്വാറന്റീനിൽ കഴിയുകയാണ്. 77പേരാണ് രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ളത്. രോഗലക്ഷണം കൂടുതൽ ആളുകളിൽ കാണുകയാണെങ്കിൽ മാത്രമേ രോഗിയുടെ സ്ഥലം കണ്ടൈൻമെന്റ് സോണാക്കി പ്രഖ്യാപിക്കുകയുള്ളൂ.

കോഴിക്കോട് രാമനാട്ടുകര സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. ശുചീകരണ ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആദ്യം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹം പിന്നീട് ഡിസ്‌ചാർജായിരുന്നു. ശേഷം ഇദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. മദ്യപിക്കുന്ന വ്യക്തിയായതിനാൽ വിത്‌ഡ്രോവൽ സിൻഡ്രം എന്ന് ധരിച്ച് ഇയാളെ ഡീ അഡിക്ഷൻ സെന്ററിലും കൊണ്ടുപോയിരുന്നതായാണ് വിവരം.

route-map

രോഗിക്ക് എവിടെ നിന്നാണ് വൈറസ് ബാധയേറ്റത് എന്നതിൽ രണ്ട് സാദ്ധ്യതകളാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. ശുചീകരണത്തൊഴിലാളിയായ ഇദ്ദേഹം ഒരു ഗോഡൗണിൽ ജോലി ചെയ്‌തിരുന്നെങ്കിലും ഇവിടെ നിന്ന് രോഗം പകരാനുള്ള സാദ്ധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ. വീട്ടുവളപ്പിൽ നിന്നും സപ്പോട്ട പഴം കഴിച്ചതിനാൽ, വവ്വാലുകൾ കടിച്ചിട്ട പഴങ്ങളിൽ നിന്നാകാം വൈറസ് ബാധിച്ചതെന്ന സാദ്ധ്യതയ്ക്കാണ് ആരോഗ്യവകുപ്പ് മുൻഗണന നൽകുന്നത്. നിലവിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NIPAH, ROUTE MAP, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA