SignIn
Kerala Kaumudi Online
Wednesday, 30 September 2026 4.32 PM IST

കെ. മുരളീധരൻ പിന്മാറി കെ.വി. തോമസ് യു.ഡി.എഫ് കൺവീനർ?

kv-thomas

തിരുവനന്തപുരം: കെ.പി.സി.സി അദ്ധ്യക്ഷനായി കെ. സുധാകരനെ നിയമിച്ചതിന് പിന്നാലെ യു.ഡി.എഫ് കൺവീനറെ തീരുമാനിക്കാൻ ഹൈക്കമാൻഡ് നീക്കം സജീവമാക്കി.കെ. മുരളധീരൻ എം.പിയെയാണ് കൺവീനർ സ്ഥാനത്തേക്ക് ഹൈക്കമാൻഡ് സജീവമായി പരിഗണിച്ചിരുന്നത്. എന്നാൽ, കൺവീനറാകാൻ ഇല്ലെന്ന് മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചതോടെ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയ കെ.വി. തോമസ് സാദ്ധ്യതയേറി.

നേമത്ത് റിസ്ക്കെടുക്കാൻ തയ്യാറായ മുരളീധരനെ കൺവീനറാക്കാനായിരുന്നു രാഹുൽ ഗാന്ധിയുടെ താത്പര്യം. സംസ്ഥാനത്ത് എ.ഐ.സി.സി നടത്തിയ രഹസ്യസർവേയിലും മുരളീധരന് മികച്ച പിന്തുണയാണ് ലഭിച്ചത്. എന്നാൽ

ഒരു പദവിയിലേക്കും തന്നെ പരിഗണിക്കരുതെന്നും നേതൃസ്ഥാനത്തിരിക്കുന്നവർക്ക് പൂർണപിന്തുണ നൽകുമെന്നുമാണ് ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നതെന്ന് മുരളീധരൻ ഫ്ലാഷിനോട് വ്യക്തമാക്കി.

മുരളി വിസമ്മതം അറിയിച്ച സാഹചര്യത്തിൽ വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിവാപ്പെട്ട കെ.വി. തോമസാണ് കൺവീനർ പദവിയിലേക്ക് പരിഗണിക്കപ്പെടുന്നത്. എന്നാൽ അദ്ദേഹത്തെ തലപ്പത്തേക്ക് കൊണ്ടുവരാൻ രാഹുൽ ഗാന്ധി ആഗ്രഹിക്കുന്നില്ല. അതേസമയം, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് താൽപര്യവുമുണ്ട്. ഒരു മുന്നറിയിപ്പും നൽകാതെയാണ് നാല് മാസം മാത്രം വർക്കിംഗ് പ്രസിഡന്റായി പ്രവർത്തിച്ച കെ.വി. തോമസിനെ എ.ഐ.സി.സി മാറ്റിയത്. കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടില്ലെങ്കിൽ കെ.വി തോമസ് പൊട്ടിത്തെറിച്ചേക്കാം. അതുകൊണ്ടുതന്നെ തോമസിനെ തഴയുന്നതിനെ സോണിയ അനുകൂലിച്ചേക്കില്ലെന്നാണ് സൂചന. ഇക്കാര്യത്തിൽ രാഹുലുമായി സോണിയ ചർച്ച നടത്തും. നിലവിലെ കൺവീനറായ എം.എം. ഹസന് പദവിയിൽ നിന്നുമാറാൻ താത്പര്യമില്ലെന്നും വിവരമുണ്ട്.


യു.ഡി.എഫ് കൺവീനറാകാൻ താത്പര്യമില്ലെന്ന് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. എന്തായാലും പദവി ഏറ്റെടുക്കാൻ ഇല്ല- കെ. മുരളീധരൻ

എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല. വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിനുള്ള മറുപടി പിന്നെ പറയാം. എന്തായാലും പത്രക്കാരോട് ഇപ്പോൾ പ്രതികരിക്കുന്നില്ല. പറയേണ്ട സമയത്ത് എല്ലാം പറയും-കെ.വി തോമസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA