
വടകര: വടകരയിൽ എം.ഡി.എം.എ കേസിൽ പ്രതികളായ അദ്ധ്യാപികമാരെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന്, നാല് പ്രതികളായ പേരാമ്പ്ര ബി.ആർ.സി.യിലെ സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരായിരുന്ന കൂരാച്ചുണ്ട് സ്വദേശി കാവ്യ, ആവള കുട്ടോത്ത് സ്വദേശി നീഷ്മ എന്നിവരെയാണ് വടകര എൻ.ഡി.പി.എസ് കോടതി കസ്റ്റഡിയിൽ വിട്ടത്. വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു അന്വേഷണസംഘം ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് നാലിന് തിരികെ കോടതിയിൽ ഹാജരാക്കണം. അതേസമയം, താൻ തെറ്റു ചെയ്തിട്ടില്ലെന്നും കേസിൽ പെട്ടുപോയതാണെന്നും കാവ്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസിലെ മറ്റൊരു പ്രതിയായ കീർത്തന പറയുന്നതൊന്നും വിശ്വസിക്കരുതെന്നും യാഥാർത്ഥ്യം അതൊന്നുമല്ലെന്നും അവർ പറഞ്ഞു. പേരാമ്പ്ര ബി.ആർ.സിയിലെ അദ്ധ്യാപകരായ ഇരുവർക്കും പുറമെ രണ്ടാം പ്രതി മരുതോങ്കര സ്വദേശി കീർത്തനയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്തിരുന്നു. വടകര സ്വദേശി സഫ്വാൻ, ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് എന്നിവരാണ് ഒന്നും അഞ്ചും പ്രതികൾ. മുഖ്യ സൂത്രധാരനായ വയനാട് ബത്തേരി സ്വദേശി ഷിന്റോ ഷിബുവിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |