SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.42 PM IST

കേരളത്തെ 'കുടിപ്പിക്കാൻ" അതിർത്തി കടന്ന് വിദേശമദ്യത്തിന്റെ കുത്തൊഴുക്ക്

liqq

തിരുവനന്തപുരം: കൊവിഡ് കുരുക്കിൽ കേരളത്തിലെ വിദേശമദ്യ വില്പനശാലകളും ബാറുകളും പൂട്ടിയതോടെ തമിഴ്നാട്ടിൽ നിന്ന് സംസ്ഥാനത്തേക്കുള്ള മദ്യക്കടത്ത് വ്യാപകം. ചെക്ക് പോസ്റ്റുകളിലൂടെയും തമിഴ്നാട്ടിലേക്കുള്ള ഇടവഴികളിലൂടെയുമാണ് മദ്യമെത്തുന്നത്. തിരുവനന്തപുരത്ത് നെയ്യാറ്റിൻകര എക്സൈസ് സർക്കിളിന്റെ പരിധിയിൽ രണ്ടു ദിവസത്തിനിടെ 400 കുപ്പി വിദേശമദ്യമാണ് പിടികൂടിയത്. മദ്യം കടത്തിയ 16 വാഹനങ്ങളും പിടിച്ചെടുത്തു.

പാലക്കാടൻ അതിർത്തിയിലും മദ്യക്കടത്തുണ്ട്. സ്പിരിറ്റ് ലോബികളും അവസരം മുതലെടുക്കുകയാണെന്നാണ് എക്സൈസിന് ലഭിച്ച സൂചന. പുതിയ സർക്കാർ അധികാരമേൽക്കാനെടുക്കുന്ന സമയവും പൊലീസിന്റെ ശ്രദ്ധ കൊവിഡ് നിയന്ത്രണത്തിലേക്ക് തിരിഞ്ഞതുമാണ് വ്യാജമദ്യ ലോബിക്ക് അനുകൂലമാകുന്നത്.

തമിഴ്നാട്ടിൽ ഉച്ചയ്‌ക്ക് 12 മുതൽ രാത്രി എട്ടുവരെ മദ്യശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് വൻതോതിൽ മദ്യം വാങ്ങിയാണ് അതിർത്തി കടത്തുന്നത്. ബസുകൾ, സ്വകാര്യ വാഹനങ്ങൾ എന്നിവയ്‌ക്കു പുറമെ ഇരുചക്രവാഹനങ്ങളിലും മദ്യം എത്തുന്നുണ്ട്. വിലയുടെ നാലും അഞ്ചും ഇരട്ടിക്ക് വിൽക്കുമ്പോൾ കിട്ടുന്ന ലാഭമാണ് മദ്യക്കടത്തിന്റെ ആകർഷണം. തിരുവനന്തപുരം അതിർത്തി കടന്നെത്തുന്ന മദ്യം കൊല്ലത്തെ വടക്കൻ മേഖലകളിലുമെത്തുന്നുണ്ട്.

 പരിശോധന പരിമിതം

തിരുവനന്തപുരത്തെ അമരവിള, പാലക്കടവ്, പ്രാഗിമൂട്, മാവിളക്കടവ്, ആറ്റുപുറം എന്നിവിടങ്ങളിലൂടെയാണ് മദ്യക്കടത്ത്. കൊവിഡ് ഭീതിയുള്ളതിനാൽ എല്ലാ വാഹനങ്ങളും വിശദമായി പരിശോധിക്കാനാകില്ല. പാലക്കാട്ട് ഗോപാലപുരം, മീനക്ഷിപുരം, ഗോവിന്ദപുരം, മടുപ്പുനി, വേലന്താവളം, കൊപ്പാണ്ടകൗണ്ടരൂർ, ആനക്കട്ടി, വാളയാർ മേഖലകളിലൂടെയും മദ്യക്കടത്തുണ്ടെന്നാണ് എക്സൈസിന് ലഭിച്ച സൂചന. കഴിഞ്ഞ ദിവസങ്ങളിൽ എട്ട് കേസുകളാണ് ഇവിടെ എടുത്തിട്ടുണ്ട്.

 പ്രിയമേറിയപ്പോൾ കള്ള് കമ്മി

വിദേശ മദ്യശാലകളും ബാറുകളും അടഞ്ഞതോടെ കള്ളുഷാപ്പുകളിലെ വില്പന വർദ്ധിച്ചു. കള്ള് പാഴ്സലായി നൽകാനാണ് അനുമതി. എന്നാൽ ആവശ്യത്തിന് കള്ളില്ലാത്തത് തിരിച്ചടിയായി. ഉച്ച കഴിയുന്നതോടെ മിക്ക ഷാപ്പുകളിലും കള്ള് തീരും. തദ്ദേശീയമായി കള്ള് ചെത്ത് നാമമാത്രമാണ്. പാലക്കാട്ട് ചിറ്റൂർ മേഖലയിലെ തോപ്പുകളിൽ നിന്നുള്ള കള്ളാണ് മിക്ക ഷാപ്പുകളിലും വിൽക്കുന്നത്. കുറെ മാസങ്ങളായി കള്ളുഷാപ്പ് അത്ര ലാഭകരമല്ലാതിരുന്നതിനാൽ മിക്ക ലൈസൻസികളും തോപ്പുകളിൽ പാട്ടത്തിനെടുക്കുന്ന തെങ്ങുകളുടെ എണ്ണം കുറച്ചു. കൊവിഡ് നിയന്ത്രണം കാരണം തോപ്പുകളിലെ ചെത്തുതൊഴിലാളികളുടെ എണ്ണവും കുറഞ്ഞു.

കള്ള് മേഖല

 ലൈസൻസുള്ള ഷാപ്പുകൾ- 4500 (പ്രവർത്തിക്കുന്നവ 4000ൽ താഴെ)

 ചെത്തു തൊഴിലാളികൾ- 18,773

 വില്പന തൊഴിലാളികൾ- 7,399

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIQUOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA