
ആലപ്പുഴ: കരുവാറ്റയിൽ 65 വയസുകാരനെ ക്രൂരമായിക്കൊന്ന കേസിൽ മൂന്ന് ആൺകുട്ടികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന് പൊലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ നൽകും. പ്രതികൾക്ക് 18 വയസ് തികയാത്തതിനാൽ ബാലനീതി നിയമപ്രകാരമാണ് നടപടിയുണ്ടാകേണ്ടത്. കുറ്റകൃത്യത്തിലെ ക്രൂരതയും ഗൗരവവും കണക്കിലെടുത്ത് ഇളവ് നൽകരുതെന്നാണ് പൊലീസിന്റെ തീരുമാനം. പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് റിപ്പോർട്ട് അംഗീകരിച്ചാൽ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കും. ഇതിനായി ബോർഡ് കുട്ടികളുടെ മാനസികനില പരിശോധിക്കും.
കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) കൊല്ലപ്പെട്ടത്. ശിവൻകുട്ടിയുടെ ചെറുമകളായ 13 വയസുള്ള എട്ടാം ക്ലാസുകാരിയാണ് കാമുകന് ക്വട്ടേഷൻ നൽകി കൃത്യം നടത്തിയത്. അറസ്റ്റിലായ പെൺകുട്ടിയെയും, കാമുകനും രണ്ടാംപ്രതിയുമായ പരവൂർ സ്വദേശിയായ പ്ളസ് ടു വിദ്യാർത്ഥി, സുഹൃത്തുക്കളായ 17കാരായ രണ്ടുപേർ എന്നിവരെയും അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകും. 18 വയസിന് താഴെയുള്ളവരാണെന്ന പരിഗണന നൽകിയാൽ ബാലനീതി നിയമപ്രകാരമുള്ള നടപടികളേ ഇവർക്കെതിരെ ഉണ്ടാകൂ. ജുവനൈൽ ജസ്റ്റിസ് ബോർഡാണ് വിചാരണ നടത്തുക.
കൊലപാതക ശേഷം മോഷ്‌ടിച്ച സ്വർണം വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തില്ല. കൊലപാതകമോ കവർച്ചയോ അറിയാതെ വില്പനയ്‌ക്ക് സഹായിച്ചെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് ഇയാളെ ഒഴിവാക്കിയത്. ഇയാളെ സാക്ഷിയാക്കി കേസ് കൂടുതൽ ബലപ്പെടുത്താനാണ് പൊലീസ് നീക്കം. ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിലാണ് അന്വേഷണം.
കരുവാറ്റ കൊലപാതകം:.....
'മാതാപിതാക്കളുടെ
സ്നേഹം കിട്ടിയില്ല"
പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് 13 കാരി
സ്വന്തം ലേഖകൻ
ആലപ്പുഴ: 'മാതാപിതാക്കളുടെ സ്നേഹം അറിഞ്ഞിട്ടില്ല. വീട്ടിലാരും എന്റെ ഇഷ്ടങ്ങൾ അംഗീകരിച്ചിട്ടില്ല".- കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാൻ കാമുകന് ക്വട്ടേഷൻ നൽകിയ എട്ടാംക്ലാസുകാരിയായ പതിമൂന്നുകാരി പൊലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞു. കൊലപാതകത്തിന്റെ തത്സമയ ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ കാണുകയും ഒന്നരദിവസം കൂസലില്ലാതെ കൂട്ടുകാർക്കൊപ്പം കഴിയുകയും ചെയ്ത പെൺകുട്ടിയാണ് തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ കരഞ്ഞത്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്.
കൊല്ലപ്പെട്ട ശിവൻകുട്ടി ചെട്ടിയാർ തന്നോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലും പൊലീസ് വിശദമായി അന്വേഷിക്കും. അമിതമായ ഫോണുപയോഗവും ചുറ്റിക്കറക്കവും ശിവൻകുട്ടി എതിർത്തിരുന്നു. ഇതും പെൺകുട്ടിയുടെ വിരോധത്തിന് കാരണമായി. പെൺകുട്ടിയുടെ കുടുംബാന്തരീക്ഷവും സാമൂഹ്യസാഹചര്യങ്ങളും ക്രൂരകൃത്യത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.
പെൺകുട്ടിയുടെ സങ്കടം കണ്ടും ബൈക്ക് വാങ്ങാനുള്ള പണവും മോഹിച്ചുമാണ് പരവൂരിലെ പ്ളസ് ടു വിദ്യാർത്ഥിയായ കാമുകൻ കൂട്ടുകാരുമായെത്തി കൊലപാതകവും കവർച്ചയും നടത്തിയത്. കുടുംബ ബന്ധങ്ങളിലെ തകർച്ചയും കുട്ടികൾക്ക് മതിയായ സ്നേഹവും കരുതലും ലഭിക്കാത്തതും ദുഷിച്ച കൂട്ടുകെട്ടിലേക്ക് ഇവരെ നയിച്ചു.
ഫോണിന്റെയും സിനിമകളിലെ കുറ്റകൃത്യങ്ങളുടെ സ്വാധീനവും ഇവരെ കൊടും കുറ്റവാളികളാക്കി എന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളെ മനോരോഗ വിദഗ്ദ്ധരുടെ സഹായത്തോടെ ശാസ്ത്രീയമായി പരിശോധിക്കാനും കൗൺസലിംഗ് നടത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |