
കോഴിക്കോട്: നിപ, ഷിഗെല്ല രോഗങ്ങൾക്ക് പിന്നാലെ കോഴിക്കോട് ജില്ലയിൽ മലേറിയയും സ്ഥിരീകരിച്ചു. കൊയിലാണ്ടിക്ക് സമീപം തിക്കോടിയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. മദ്ധ്യപ്രദേശ് സ്വദേശിയാണ് രോഗബാധിതൻ. രോഗത്തിന്റെ ഉറവിടം മദ്ധ്യപ്രദേശിൽ നിന്നാവാം എന്ന നിഗമനത്തിലാണ് ആരോഗ്യപ്രവർത്തകർ. കുറച്ച് ആഴ്‌ചകൾക്ക് മുമ്പാണ് ഇയാൾ ജോലി തേടി തിക്കോടിയിലെത്തിയത്. രോഗം പടരാതിരിക്കാനുള്ള മാർഗങ്ങൾ ആരംഭിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
പെൺ അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നത്. മനുഷ്യരിൽ ജീവന് ഭീഷണിയായ സാംക്രമിക രോഗമാണിത്. കൊതുകിന്റെ കടിയേറ്റ് പത്ത് മുതൽ പതിനഞ്ച് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാം. വിറയലോടുകൂടിയ കടുത്ത പനി, തലവേദന, പേശിവേദന, സന്ധിവേദന, അമിതമായ ക്ഷീണം, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയാണ് മലേറിയയുടെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. ഉറങ്ങുമ്പോൾ കൊതുക് വല ഉപയോഗിക്കുക, പരമാവധി കൊതുക് കടി ഏൽക്കാതിരിക്കുക, പരിസരങ്ങളിൽ വെള്ളം കെട്ടിക്കിടത്താതെ ശ്രദ്ധിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |