SignIn
Kerala Kaumudi Online
Sunday, 18 October 2026 3.06 PM IST

കിണറ്റിൽ പാറ പൊട്ടിക്കാൻ തോട്ടവച്ചു, തിരിക്ക്  തീ  കൊടുത്തശേഷം തിരിച്ചുകയറാനായില്ല; തൊഴിലാളിക്ക് ദാരുണാന്ത്യം

READ ENGLISH VERSION
died

മലപ്പുറം: കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരു മരണം. തമിഴ്‌നാട് ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രൻ (45) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെ പെരിന്തൽമണ്ണ തേക്കിൻകോട് ആണ് സംഭവം നടന്നത്.

കിണറ്റിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തിയ ശേഷം പുറത്തേക്ക് കയറാനാകാതെ രാജേന്ദ്രൻ വീണുപോയതാണ് അപകടത്തിന് കാരണം. തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണറ്റിൽ ആഴം കൂട്ടുന്നതിനിടെയാണ് തോട്ടപൊട്ടിച്ചത്. 10 തോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയിൽ വച്ചിരുന്നത്. ഇതിന്റെ തിരിക്ക് തീ കൊടുത്തശേഷം രാജേന്ദ്രൻ പകുതിയിലേറെ കയറുന്നതിനിടെ കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. പുറത്തുനിന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

പിന്നാലെ തോട്ട പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തെത്തുടർന്ന് രാജേന്ദ്രൻ ഇളകിയ മണ്ണിനടിയിലായി. കിണറ്റിൽ പുക മൂടിയിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. പെരിന്തൽമണ്ണ അഗ്നിശമനസേനയും ട്രോമാകെയർ പ്രവർത്തകരും ചേർന്ന് പാറ തുളയ്ക്കാൻ ഉപയോഗിക്കുന്ന കംപ്രസർ യന്ത്രമുപയോഗിച്ച് കിണറ്റിലെ പുക നീക്കിയശേഷമാണ് മണ്ണുമാറ്റി രാജേന്ദ്രനെ പുറത്തെടുത്തത്. എന്നാൽ അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.

അരക്കെട്ടിന്റെ വലതുഭാഗത്തും വയറിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടോടെയാണ് രാജേന്ദ്രനുൾപ്പെടെയുള്ള ഏഴംഗം സംഘം ജോലിക്കെത്തിയത്. ഭാര്യ വള്ളിക്കും രണ്ട് മക്കൾക്കുമൊപ്പം പെരിന്തൽമണ്ണ അഗ്നിരക്ഷാനിലയത്തിന് സമീപമാണ് രാജേന്ദ്രൻ താമസിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA