SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.46 AM IST

ശുപാർശയുമായി നിതി ആയോഗ്: 2030ൽ മേയറെ വോട്ടർമാർ തിരഞ്ഞെടുക്കും

1

കൊച്ചി: പത്ത് ലക്ഷത്തിനു മേൽ ജനസംഖ്യയുള്ള സംസ്ഥാനത്തെ മൂന്ന് നഗരങ്ങളിൽ, നിതി ആയോഗിന്റെ ശുപാർശ പ്രകാരം ലണ്ടൻ, ന്യൂയോർക്ക് മാതൃകയിൽ 2030ഓടെ മേയറെ വോട്ടർമാർ നേരിട്ട് തിരഞ്ഞെടുത്തേക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപ്പറേഷനുകളിലാണ് കൗൺസിലർമാരുടെ ഭൂരിപക്ഷ പിന്തുണയോടെ മേയറെ തിരഞ്ഞെടുക്കുന്ന രീതി മാറുക.

ഇതോടൊപ്പം ചീഫ് എക്സിക്യുട്ടീവ് എന്ന നിലയിൽ മേയർക്ക് അഞ്ചുവർഷം കാലാവധിയും ഉറപ്പാക്കും. ഇതനുസരിച്ച് മുനിസിപ്പൽ നിയമം ഭേദഗതി ചെയ്യാനും 'മൂവിംഗ് ടുവേർഡ്സ് എഫക്ടീവ് സിറ്റി ഗവൺമെന്റ്' എന്ന റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. വൻ നഗരങ്ങളിലെ കാര്യക്ഷമവും സുസ്ഥിരവുമായ ഭരണം സംബന്ധിച്ചായിരുന്നു പഠനം. മൂന്ന് കോർപ്പറേഷനുകളിൽ 2030ൽ ജനസംഖ്യ 10 ലക്ഷത്തിന് മുകളിലെത്തുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ 7-9 ലക്ഷത്തിനിടയിലാണ് മൂന്നിടത്തെയും ജനസംഖ്യ. ജനസംഖ്യാ വർദ്ധനവ് ഭരണ-വികസന പ്രതിസന്ധിക്ക് കാരണമാകുന്നതായാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സർക്കാരിൽ നിന്നുള്ള ഫണ്ട് ലഭ്യതാ പ്രശ്നങ്ങളും നേരിടാറുണ്ട്. ഇന്ത്യയിൽ ഭോപ്പാൽ, ലഖ്നൗ, പട്ന, റാഞ്ചി എന്നിവിടങ്ങളിൽ മേയറെ നേരിട്ടു തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും കൂടുതൽ അധികാരങ്ങളില്ല. നഗരാസൂത്രണത്തിനും ദീർഘകാല വികസന പദ്ധതികൾക്കും ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ഭേദഗതികൾ കൊണ്ടുവരുന്നത്.

 ഭരിക്കാൻ 'മേയർ ഇൻ കൗൺസിൽ'

സ്റ്റാൻഡിംഗ് കമ്മിറ്റികൾക്ക് പകരം മേയറുടെ നേതൃത്വത്തിൽ കൗൺസിലർമാർ അടങ്ങുന്ന ചെറുടീമിന് (മേയർ ഇൻ കൗൺസിൽ) ഭരണച്ചുമതല നൽകണം. അധികാരം ഒരാളിൽ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാം. കൂട്ടായ തീരുമാനമെടുക്കാം. നിയമനിർമ്മാണം, നയരൂപീകരണം, മേൽനോട്ടം എന്നിവയിലാകും കൗൺസിൽ ശ്രദ്ധിക്കുക. വാർഷിക ബഡ്ജറ്റിനും ഫണ്ട് വിനിയോഗത്തിനും അംഗീകാരം നൽകുന്നതും കൗൺസിൽ.

 കുടിവെള്ളം, ഗതാഗതം നിയന്ത്രിക്കും

സംസ്ഥാന ഏജൻസികൾക്ക് കീഴിലെ കുടിവെള്ള വിതരണം, ശുചിത്വം, പൊതുഗതാഗതം തുടങ്ങിയവ നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ.
സ്ഥിരമായ ഫണ്ട് ഉറപ്പാക്കാൻ സംസ്ഥാന ധനകാര്യ കമ്മിഷനുകളെ ശക്തിപ്പെടുത്തണം.

മുനിസിപ്പൽ ബോണ്ടുകൾ വഴി പണം സമാഹരിക്കാൻ അനുവദിക്കണം.

നഗരസഭ സെക്രട്ടറിമാർ മേയറുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും.

 പ്രതികൂലവാദം


ഭൂരിപക്ഷം കൗൺസിലർമാരും മേയറുടെ പാർട്ടിക്കാരല്ലെങ്കിൽ ഭരണതീരുമാനം എതിർക്കപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAYOR ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA