SignIn
Kerala Kaumudi Online
Saturday, 04 July 2026 5.09 PM IST

ശബ്‌ദരേഖ കഴിഞ്ഞ കുറച്ചുകാലമായിട്ടുള്ള സ്ഥിരം പരിപാടിയാണ്‌, ശക്തമായ നടപടിയുണ്ടാകുമെന്ന് എംബി രാജേഷ്

READ ENGLISH VERSION
mb-rajesh

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾ പുറത്തുവിട്ട ശബ്‌ദരേഖ വളരെ ഗൗരവത്തോടെയാണ്‌ സർക്കാർ കാണുന്നതെന്ന്‌ മന്ത്രി എം ബി രാജേഷ്‌. മദ്യനയത്തിന്റെ ആലോചനകളിലേക്ക്‌ സർക്കാർ കടന്നിട്ടില്ല. പ്രാരംഭ ചർച്ചകൾപോലും ആയിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ മദ്യനയത്തിൽ ഇങ്ങനെ ചില കാര്യങ്ങൾ നടപ്പിലാക്കാം എന്ന്‌ പറഞ്ഞുകൊണ്ട്‌ പണപ്പിരിവിന്‌ ശ്രമിക്കുന്നു എന്നുള്ളത്‌ ഗൗരവമായാണ്‌ കാണുന്നത്‌. അതിശക്തമായിട്ടുള്ള നടപടി അത്തരക്കാർക്കെതിരായി ഉണ്ടാകും - മന്ത്രി പറഞ്ഞു.

ഒരുതരത്തിലും ഇത്തരം കാര്യങ്ങൾ വച്ചുപൊറുപ്പിക്കില്ല. മദ്യനയം സർക്കാരാണ്‌ ആവിഷ്‌ക്കരിക്കുന്നത്‌. അതിന്റെ ചർച്ചകൾ നടക്കാനിരിക്കുന്നതേയുള്ളൂ. ആ ചർച്ച നടക്കുന്നതിന്‌ ഒരുമാസം മുൻപ്‌ തന്നെ മാദ്ധ്യമങ്ങളിൽ സ്ഥിരമായി വാർത്ത വന്നുകൊണ്ടിരിക്കുന്നുണ്ട്‌. ആ വാർത്തകളുടെ പശ്‌ചാത്തലത്തിൽ അത്‌ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ആരെങ്കിലും പണപ്പിരിവിന്‌ ശ്രമിച്ചാൽ ശക്തമായ നടപടി അക്കാര്യത്തിൽ ഉണ്ടാകും.

ശബ്‌ദരേഖ കലാപരിപാടി കഴിഞ്ഞ കുറച്ചുകാലമായിട്ടുള്ള സ്ഥിരം പരിപാടിയാണ്‌. തെറ്റായ പ്രവണതകളെ കൈകാര്യം ചെയ്യാൻ സർക്കാരിനറിയാം. തെരഞ്ഞെടുപ്പ്‌ ആയതുകൊണ്ടാണ്‌ ചർച്ചകളിലേക്ക്‌ കടക്കാത്തത്‌. മദ്യനയത്തെക്കുറിച്ച്‌ മാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ ഉറവിടം എന്താണെന്ന്‌ അറിയില്ല. ഐടി പാർക്കിൽ അനുമതി നൽകുന്ന കാര്യം കഴിഞ്ഞ മദ്യനയത്തിൽ ഉള്ളതാണ്‌. തെറ്റായ മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാകാം ചിലർ പണപ്പിരിവിന്‌ ഇറങ്ങിയതെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് രാജി വെക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അബ്‌കാരികളുടെ കൈയില്‍ കിടന്നു കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. അതിന്റെ കാരണം ജനങ്ങള്‍ ആലോചിച്ചു ഇരുന്നപ്പോഴാണ് ഓഡിയോ ക്ലിപ്പ് പുറത്ത് വരുന്നത്. വിഷയം സബ്‌ജക്‌ട് കമ്മിറ്റിയില്‍ വന്നപ്പോള്‍ തന്നെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് പോലും മനഃപൂര്‍വം മറച്ചുവയ്ക്കുന്നുവെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MBRAJESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA