SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.28 AM IST

മോർഫിംഗ് ഭീതിയിൽ അമ്മ പെങ്ങന്മാർ കരുതിയിരിക്കണം ചതിയന്മാരെ

READ ENGLISH VERSION

കൊച്ചി: വീട്ടിലും ക്ലാസ് മുറികളിലും പോലും നമ്മുടെ അമ്മ, പെങ്ങന്മാർ സുരക്ഷിതരാണോ? നിലവിലെ സംഭവങ്ങൾ ഈ ആശങ്കയിലേക്കാണ് കൊണ്ടെത്തിക്കുന്നത്. ജീവിതപങ്കാളിയെന്നോ അദ്ധ്യപകരെന്നോ സഹോദരിയെന്നോ ഓർക്കാതെയാണ് മോർഫിംഗ്- ഡീപ് ഫേക്ക് കുറ്റവാളികളുടെ അഴിഞ്ഞാട്ടം. തൃക്കാക്കര ഭാരത് മാതാ കോളേജിലെ വിദ്യാർത്ഥി നേതാവ് തിരുവനന്തപുരം കിളിമാനൂർ സ്വദേശി എസ്.ശ്രീഹരിയുടെ കുറ്റകൃത്യം ഞെട്ടലോടെയാണ് സമൂഹം കേട്ടത്.

അദ്ധ്യാപികമാരുടെയും സഹപാഠികളുടെയുമടക്കം മോർഫ്‌ ചെയ്ത ഒട്ടേറെ ചിത്രങ്ങളാണ് ഇയാളുടെ ഫോണിൽ കണ്ടെത്തിയത്. പല ഗ്രൂപ്പുകളിലും ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു. അമ്പരപ്പ് വിട്ടുമാറും മുമ്പേ ഏറ്റുമാനൂർ എൻജിനിയറിംഗ് കോളേജിലും മലപ്പുറത്തും സമാന കേസുകൾ രജിസ്റ്റർ ചെയ്തു. കൊല്ലത്ത് സ്വന്തം ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ പണത്തിനായി ഭർത്താവ് തന്നെ വെബ്‌സൈറ്റുകൾക്ക് വിറ്റഴിച്ച സംഭവവും ഇതിനിടെ ഉണ്ടായി.

ഇത്തരം വിഷയങ്ങൾ അന്വേഷിക്കുന്ന സ്വതന്ത്ര ഏജൻസിയായ പി.ഐ ലാബ്‌സിൻ്റെ റിപ്പോർട്ട് പ്രകാരം വ്യാജ ദൃശ്യങ്ങളിൽ 93 ശതമാനവും ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. സമീപകാലത്ത് ഇതിൽ ഒമ്പത് മടങ്ങ് വർദ്ധനവുണ്ടായി.


 5 വർഷം അഴിയെണ്ണും

അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ ഐ.ടി ആക്ട് സെക്ഷൻ 67എ, 67 പ്രകാരം 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ 7 വർഷം തടവ്. സ്വകാര്യത ലംഘനത്തിന് 3 വർഷം വരെ തടവും കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് പോക്‌സോ പ്രകാരം കഠിനതടവും ലഭിക്കും.

പരാതി ലഭിച്ച് രണ്ടു മണിക്കൂറിനകം മോർഫ് ചെയ്ത ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണമെന്നാണ് കേന്ദ്ര നിയമം. വീഴ്ച വരുത്തുന്ന പ്ലാറ്റ്‌ഫോമുകൾക്ക് വൻതുക പിഴയും നിയമപരിരക്ഷ റദ്ദാക്കി നേരിട്ട് ക്രിമിനൽ നടപടികളും നേരിടേണ്ടിവരും.

മോർഫിംഗ് - ഡീപ്‌ഫേക്ക്

ഫോട്ടോഷോപ്പ് പോലുള്ള പരമ്പരാഗത എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് മുഖങ്ങൾ വെട്ടിയൊട്ടിക്കുന്ന രീതിയാണ് മോർഫിംഗ്. എ.ഐ ടൂളുകൾ ഉപയോഗിച്ച് ഒരാളുടെ മുഖചലനങ്ങളും ശബ്ദവും രൂപവും കൃത്യമായി അപഗ്രഥിച്ച്, തിരിച്ചറിയാൻ പ്രയാസമുള്ള വ്യാജ വീഡിയോകൾ സൃഷ്ടിക്കുന്ന അത്യാധുനിക രീതിയാണ് ഡീപ്‌ഫേക്ക്.

മോർഫിംഗ്- ഡീപ് ഫേക്ക് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന കേസുകൾ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. കേരളത്തിൽ ബോധവത്കരണം ശക്തമാക്കും.

- പി.പ്രകാശ്,

ഐ.ജി നോഡൽ ഓഫീസർ,

സൈബർ ഡോം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MORFING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA