
# ഗ്യാനേഷിനെ അനുകൂലിച്ച്
ബി.ജെ.പി മുഖ്യമന്ത്രിമാർ
# ഗുവാഹത്തിയിൽ അറസ്റ്റിലായ സി.ജെ.പി സഹകൺവീനറെ വിട്ടയച്ചു
#കേജ്‌രിവാളിനെ കണ്ട് എം.എ. ബേബി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ, സംരക്ഷണ വലയം തീർത്ത് ബി.ജെ.പി. ഇന്നലെ നാല് ബി.ജെ.പി മുഖ്യമന്ത്രിമാരാണ് ഗ്യാനേഷിനെ അനുകൂലിച്ച് വാർത്താസമ്മേളനം നടത്തിയത്. എസ്.ഐ.ആറിൽ സംശയമുണ്ടാക്കാനുള്ള ശ്രമങ്ങൾ ജനാധിപത്യ മൂല്യങ്ങളെ ദുർബലപ്പെടുത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് തോൽവിയിലെ നിരാശയാണ് ഗ്യാനേഷിനെ ആക്രമിക്കുന്നതിനു പിന്നിലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്‌ത ന്യായീകരിച്ചപ്പോൾ,രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രചാരണമെന്ന് അസാം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ ചൂണ്ടിക്കാട്ടി.
സംസ്ഥാനങ്ങളുടെ ചുമതലയുള്ള പ്രഭാരിമാർ,സഹപ്രഭാരിമാർ എന്നിവരുമായി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ നാളെ കൂടിക്കാഴ്ച നടത്തും.
തന്ത്രങ്ങൾ മെനയാൻ കോൺഗ്രസ് പ്രവർത്തക സമിതി യോഗം നാളെയും 'ഇന്ത്യ' മുന്നണി യോഗം 30നും ചേരും. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഇന്നലെ ആംആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിനെ സന്ദർശിച്ചു. പ്രതിപക്ഷം യോജിച്ചു നീങ്ങണമെന്ന താത്പര്യം ഇരുനേതാക്കളും പങ്കുവച്ചു. ഗ്യാനേഷ് രാജിവയ്‌ക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ ആവർത്തിച്ചു. കടൽ പ്രക്ഷുബ്ധമായിരിക്കുമ്പോൾ അതിൽ നീന്താൻ ഇഷ്‌ടമാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു.
പ്രതിഷേധത്തിനൊടുവിൽ പുറത്തേക്ക്
ഇന്നലെ ഗുവാഹത്തിയിൽ നിന്ന് അസാം പൊലീസ് കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സഹകൺവീനർ അശുതോഷ് റാങ്കയെയും 40ൽപ്പരം പ്രവർത്തകരെയും പൊലീസ് അർദ്ധരാത്രിയോടെ വിട്ടയച്ചു. സംസ്ഥാനത്തെ ആദ്യ മേഖലാ സമ്മേളനത്തിന് പോകവെ,അസാം ജാതീയ പരിഷദ് നേതാവ് കുൻകി ചൗധരിയുടെ സെക്രട്ടേറിയറ്റ് മന്ദിരത്തിനടുത്ത വീട്ടിൽ നിന്നും ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിട്ടയച്ചില്ലെങ്കിൽ ഇന്ന് ഗുവാഹത്തിയിലെത്തുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്‌കെ മുന്നറിയിപ്പ് നൽകിയിരുന്നു. കോൺഗ്രസ്,എ.ജെ.പി,റായ്‌ജോർ ദൾ,ആംആദ്മി പാർട്ടി എന്നിവ അറസ്റ്റിനെ അപലപിച്ചിരുന്നു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് സി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്ന പ്രക്ഷോഭത്തിന് മുംബയ് പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിച്ചാൽ ജയിൽ നിറയ്ക്കൽ സമരം നടത്തുമെന്ന് ദീപ്‌കെ വ്യക്തമാക്കി. സമരത്തിന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് പിന്തുണ അറിയിച്ചെങ്കിലും നേരിട്ടു പങ്കെടുക്കില്ല.
കമ്മിഷന് ഉത്തരമില്ല
ബംഗാളിലെ എസ്.ഐ.ആറിൽ വോട്ടർപട്ടികയിൽ നിന്ന് നീക്കിയിരുന്ന 60 ലക്ഷത്തിൽപ്പരം വോട്ടർമാരിൽ 33 ലക്ഷത്തിൽപ്പരം പേരെ സുപ്രീംകോടതി നിയോഗിച്ച ജുഡിഷ്യൽ ഓഫീസർമാർ തിരികെ ചേർത്തിരുന്നു. അതിനെതിരെ കമ്മിഷൻ ലക്ഷക്കണക്കിന് അപ്പീലുകൾ ഫയൽ ചെയ്‌തിരുന്നു. ആരാണ് അനുമതി നൽകിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരിച്ചിട്ടില്ല. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സമർപ്പിക്കേണ്ട ഫോം 6ൽ മാറ്റം വരുത്തിയതിലും വ്യക്തമായ ഉത്തരമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |