തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ പതിനൊന്ന് വർഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസിന്റെ വിചാരണ ആരംഭിക്കും. വിചാരണയുടെ ആദ്യദിവസം കേസിലെ ഒന്നാം സാക്ഷിയും അന്നത്തെ നിയമസഭാ സെക്രട്ടറിയുമായിരുന്ന ശാർങ്കധരനെയാണ് കോടതി വിസ്തരിക്കുന്നത്.
2015 മാർച്ച് 13നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴ ആരോപണത്തെ തുടർന്ന് അന്നത്തെ ധനമന്ത്രി കെഎം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരമാണ് ഒടുവിൽ നിയമസഭാ കയ്യാങ്കളിയിൽ കലാശിച്ചത്. ബഡ്ജറ്റ് അവതരിപ്പിക്കാനെത്തിയ മാണിയെ ഇടതുപക്ഷ എംഎൽഎമാർ തടയുകയും സ്പീക്കറുടെ ഡയസിലേക്ക് കയറി കസേരകൾ മറിച്ചിടുകയും അക്രമാന്തരീക്ഷം സൃഷ്‌ടിക്കുകയുമായിരുന്നു. കസേര, കമ്പ്യൂട്ടർ, മൈക്ക്, ഇലക്ട്രിക് പാനലുകൾ എന്നിവ നശിപ്പിച്ച് 2,20,093 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഎൽഎമാരായ വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെടി ജലീൽ, കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് പ്രധാനപ്രതികൾ. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എൽഡിഎഫ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളിയതോടെയാണ് വിചാരണ നേരിടാൻ പ്രതികൾ നിർബന്ധിതരായത്. ജനപ്രതിനിധികൾക്ക് നിയമസഭയ്ക്കുള്ളിൽ പരിരക്ഷയുണ്ടെന്ന വാദം സുപ്രീം കോടതി തള്ളുകയും പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുക തന്നെ വേണമെന്ന് ഉത്തരവിടുകയുമായിരുന്നു.
The controversial Kerala Legislative Assembly brawl case trial begins November 3rd at the Thiruvananthapuram Chief Judicial Magistrate Court, eleven years after the incident. Former MLAs, including V. Sivankutty and E.P. Jayarajan, face charges of public property destruction during a 2015 budget protest. The Supreme Court rejected an earlier plea to withdraw the case, mandating the trial.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |