നാദിർഷ, അഷ്‌കർ
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റിയ രണ്ടുപേർ അറസ്റ്റിൽ. വള്ളക്കടവ് സ്വദേശികളായ അഷ്‌കർ, നാദിർഷാ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ തിരുവനന്തപുരം കോവളത്താണ് സുരക്ഷാവീഴ്‌ചയുണ്ടായത്.
ബാലരാമപുരത്തെ ഔദ്യോഗിക പരിപാടിക്കുശേഷം വിമാനത്താവളത്തിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. തിരുവല്ലം ഭാഗത്തുനിന്നായിരുന്നു ബൈക്ക് വന്നത്. കോവളം ജംഗ്ഷനിൽവച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും നിർത്തിയില്ല. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ വിവരമറിയിച്ചതിനെത്തുടർന്ന് കാഞ്ഞിരംകുളത്ത് വച്ച് യുവാക്കളെ പിടികൂടുകയായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്നലെയാണ് കേരളത്തിലെത്തിയത്. മാതാ അമൃതാനന്ദമയിയുടെ 73ാം ജന്മദിനത്തോടനുബന്ധിച്ച് കൊല്ലം മാതാ അമൃതാനന്ദമയി മഠത്തിൽ സംഘടിപ്പിച്ച വിശ്വസേവാ ദിനാഘോഷങ്ങളിൽ പങ്കെടുത്തു. വാർഷികാഘോഷങ്ങളുടെ ഭാഗമായ പരിപാടിയിൽ വിവിധ ജീവകാരുണ്യ പദ്ധതികൾക്കും അദ്ദേഹം തുടക്കമിട്ടു.
തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ (എസ്.യു.ടി) അക്കാഡമി ഓഫ് മെഡിക്കൽ സയൻസസിന്റെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായും ഉപരാഷ്ട്രപതി പങ്കെടുത്തു. ബാലരാമപുരം റെയ് വിജയ് കൺവെൻഷൻ സെന്ററിലായിരുന്നു ചടങ്ങ് നടന്നത്.
Two men, Ashkar and Nadirsha, were arrested for allegedly riding a motorcycle toward Vice President C. P. Radhakrishnan’s convoy in Thiruvananthapuram. The incident occurred in Kovalam while he was returning to the airport after an official event. Police said the men allegedly ignored security officers’ attempts to stop them and were reportedly under the influence of alcohol.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |