SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.29 AM IST

കാട്ടാന ആക്രമണം : പ്രതിഷേധക്കടലായി മൂന്നാർ

READ ENGLISH VERSION
sureshkumar

#അടിയന്തരമായി 10 ലക്ഷം രൂപ നൽകി സർക്കാർ

മൂന്നാർ: കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ സുരേഷ് കുമാർ (മണി- 45) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധക്കടലായി മൂന്നാർ. ഹർത്താലുമായി എൽ. ഡി. എഫും, യു. ഡി. എഫും പ്രതിഷേധവുമായി ബി.ജെ.പിയും നാട്ടുകാർക്ക് ഒപ്പം ചേർന്നതോടെ മൂന്നാർ നിശ്ചലമായി. വനംവകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സുരേഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

തിങ്കളാഴ്ച രാത്രിയാണ് കന്നിമലയിൽ വച്ച് കാട്ടാന ആക്രമണത്തിൽ സുരേഷ് കുമാർ കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ കുത്തി മറിച്ചിട്ട ഒറ്റയാൻ തെറിച്ചു വീണ ഡ്രൈവർ സുരേഷ് കുമാറിനെ തുമ്പിക്കൈയിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. തെറിച്ചു വീണ് തലയ്ക്ക് ഗുരുതര പരക്കേൽക്കുകയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയുമായിരുന്നു. സുരേഷിനെ കൂടാതെ അഞ്ചു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഇതിൽ എസക്കി രാജ(45), റെജീന (39), മകൾ കുട്ടി പ്രിയ (11) എന്നിവർ മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഒപ്പമുണ്ടായിരുന്നു. തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു.

സുരേഷിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന മൂന്നാർ ഹൈറേഞ്ച് ആശുപത്രിയിലെ മോർച്ചറിക്ക് മുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ ഹൃദയ ഭേദകമായിരുന്നു. സുരേഷിന്റെ അമ്മയും ഭാര്യയും മക്കളും ബന്ധുക്കളുമടക്കമുള്ളവരുടെ കൂട്ടക്കരച്ചിലിന് വേദിയായി ആശുപത്രി പരിസരം മാറി. തുടർച്ചയായുള്ള കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം കാണാതെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തു. സുരേഷ് കുമാറിന്റെ അമ്മ ഗോമതി മാദ്ധ്യമങ്ങളോട് വികാരാധീനയായി പ്രതികരിച്ചു.

മൂന്നാര്‍- ഉടുമലപ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ നിലത്തു കുത്തിയിരുന്നായിരുന്നു എല്‍.ഡി.എഫ് പ്രവര്‍ത്തരുടെ പ്രതിഷേധം. മൂന്നാര്‍ ആര്‍.ഒ ജംഗ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വാഹനങ്ങള്‍ തടഞ്ഞു. തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ മുന്നോട്ടുവച്ച ആവശ്യങ്ങൾ വനംവകുപ്പ് പരിഗണിച്ചു. ഇതോടെയാണ് പ്രശ്‌നത്തിൽ അയവ് വന്നത്. മരിച്ച സുരേഷ് കുമാറിന്റെ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന കാര്യം വനം വകുപ്പ് ശുപാർശ ചെയ്യും. മക്കളുടെ പഠന ചെലവും പരിക്കേറ്റവരുടെ ചികിത്സാ ചെലവും വനം വകുപ്പ് ഏറ്റെടുക്കും. അക്രമകാരികളായ ആനകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ സി.സി.എഫിന് ശുപാർശ നൽകുമെന്നും യോഗത്തിൽ വനംവകുപ്പ് അറിയിച്ചു. പിന്നാലെ എൽ.ഡി.ഫ് ഹർത്താൽ അവസാനിപ്പിച്ചതോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ട് നാല് മണിയോടെ എസ്റ്റേറ്റ് പൊതുശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നു. അതേ സമയം ആനയെ പിടിക്കണമെന്ന ആവശ്യവുമായി ഡീൻ കുര്യാക്കോസ് എം.പി മൂന്നാർ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിരാഹാര സമരം തുടങ്ങി. മരിച്ച സുരേഷ്‌കുമാരിന്റെ ഭാര്യ ഇന്ദിര തോട്ടം തൊഴിലാളിയാണ്. മക്കൾ: വിഘ്‌നേഷ് (ഏഴാം ക്ലാസ് വിദ്യാർത്ഥി), യോഗേശ്വരൻ(ആറാം ക്ലാസ് വിദ്യാർത്ഥി).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WILD ELEPHANT ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA