
പാവറട്ടി: കാർ പോർച്ചിൽ സംസാരിച്ചു നിൽക്കുകയായിരുന്ന അമ്മയെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കുണ്ടുകടവ് കോഴിപ്പറമ്പിൽ പരേതനായ ചെറിയാൻ്റെ ഭാര്യ ഡോളി(69)യാണ് മരിച്ചത്. മകൻ ബെൻഹറിനെ(46) പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കുറേ നാളുകളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാൾ ലഹരിക്ക് അടിമയാണന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 10.30നായിരുന്നു സംഭവം. വീടിന്റെ മതിൽകെട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കരാറുകാരനുമായി കാർ പോർച്ചിൽ സംസാരിച്ച് നിൽക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെ,
അമ്മയുടെ കഴുത്തിൽ ബെൻഹർ കത്തികൊണ്ട് കുത്തുകയായിരുന്നു. വീട്ടിനകത്തുവച്ചും തലയിൽ പലതവണ വെട്ടി. സ്ഥലത്ത് ഉണ്ടായിരുന്നവർ ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തി കത്തി പിടിച്ചുവാങ്ങി. അയൽവാസികൾ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോളിയുടെ ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിനുശേഷം വീട്ടിൽ തന്നെ ഇരുന്ന ബെൻഹറിനെ പാവറട്ടി പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തന്നെക്കുറിച്ച് അമ്മ മറ്റുള്ളവരോട് കുറ്റം പറഞ്ഞുവെന്ന് തോന്നിയതാണ് ആക്രമണത്തിന് കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. വിഷാദരോഗത്തിന് ഇയാൾ മരുന്ന് കഴിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ബെൻഹർ അവിവാഹിതനാണ്. ജോലിയില്ല. മുൻപ് ഒരു കടയിട്ടുകൊടുത്തിരുന്നെങ്കിലും അത് നടത്താനായില്ല. ഡോളിയുടെ മറ്റൊരു മകൻ ഏതാനും വർഷം മുൻപ് മരണമടഞ്ഞിരുന്നു. ചെറിയാൻ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജരായിരുന്നു. ഡോളിയ്ക്ക് ജോലി ഉണ്ടായിരുന്നില്ല. ബെൻഹറിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഗുരുവായൂർ എ.സി.പി എം.സുരേന്ദ്രൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |