വയനാട്: മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഹെഡ് കോൺസ്റ്റബിൾ കെ വി വിനോദ് കൊല്ലപ്പെട്ട കേസിൽ ആദിവാസി ഗോത്ര മഹാസഭാ നേതാവ് ഗീതാനന്ദൻ ഉൾപ്പെടെ 56 പ്രതികളെയും വെറുതെവിട്ടു. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ രണ്ടാം പ്രതി അശോകൻ നേരത്തെ മരിച്ചു. അശോകൻ ആണ് വിനോദിനെ അവസാനം വെട്ടിയതെന്നും ഇതാണ് മരണകാരണമെന്നും കോടതി കണ്ടെത്തുകയായിരുന്നു. പ്രതി മരിച്ചതിനാൽ ശിക്ഷ വിധിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഈ കേസിൽ മറ്റുപ്രതികളുടെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിനോദ് വധത്തിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്നും കോടതി കൂട്ടിച്ചേർത്തു. വയനാട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് 23 വർഷം നീണ്ട കേസിൽ വിധി പറഞ്ഞത്. 57 പ്രതികളുണ്ടായിരുന്ന കേസിൽ ജീവിച്ചിരിക്കുന്ന 39 പ്രതികളും കോടതിയിൽ ഹാജരായിരുന്നു. പ്രതികളിൽ 15 പേർ നേരത്തെ മരിച്ചു.
അതേസമയം, പൊലീസുകാരൻ അബ്ദുൾ സലാം വധശ്രമക്കേസിലും ശശിധരൻ എന്ന വനം വകുപ്പ് ഉദ്യേഗസ്ഥനെ മാരകമായി പരിക്കേല്പിച്ച കേസിലും ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും കോടതി വിധിച്ചു. കൂടാതെ, മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപയും പരിക്കേറ്റ സലാമിന് മൂന്ന് ലക്ഷവും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
2003 ഫെബ്രുവരി 19ന് ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിൽ ഭൂസമരം നടത്തിയവരെ ഒഴിപ്പിക്കാനുള്ള പൊലീസ് നടപടി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിനെത്തുടർന്ന് കണ്ണൂർ കെഎപി നാലാം ബറ്റാലിയനിൽ കോൺസ്‌റ്റബിൾ ആയിരുന്ന കെ വി വിനോദ് കൊല്ലപ്പെട്ടു. വിനോദ് ക്രൂരമായ മർദനത്തിനിരയായി ചോരവാർന്നാണ് മരിച്ചത്. ഇതിനുപുറമേ പൊലീസ് നടത്തിയ വെടിവയ്പിൽ ജോഗി എന്ന ആദിവാസി യുവാവും കൊല്ലപ്പെട്ടിരുന്നു. സംഘർഷത്തിൽ നിരവധി പൊലീസുകാർക്കും സമരക്കാർക്കും പരിക്കേറ്റിരുന്നു.
എ കെ ആന്റണി സർക്കാരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിൽ സി കെ ജാനു, എം ഗീതാനന്ദൻ എന്നിവരുടെ നേതൃത്വത്തിൽ ആദിവാസികൾ കുടിൽകെട്ടി നടത്തിയ അവകാശ സമരമാണ് കലാപത്തിൽ കലാശിച്ചത്.
A Kerala court acquitted 56 accused, including M. Geethanandan, in the 2003 Muthanga case involving the murder of police head constable K.V. Vinod, citing lack of evidence and conspiracy. The second accused, Ashokan, earlier found responsible for the fatal attack, had died. However, Geethanandan and three others received five-year prison terms in separate attempted murder and assault cases arising from the same incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |