
തിരുവനന്തപുരം: അഴിമതി ആരോപണങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പിലെ ബഹുഭൂരിപക്ഷം സേവനങ്ങളും ഓൺലൈൻവഴി ലഭ്യമാക്കാൻ തീരുമാനം. സെപ്തംബർ 21 മുതൽ നടപ്പിലാകും.
21 സേവനങ്ങൾ ഓൺലൈനിൽ നൽകി വരുന്നുണ്ട്. വാഹനവുമായി ബന്ധപ്പെട്ടതും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടതുമായ 60 സേവനങ്ങളാണ് ഇതോടെ ഓൺലൈൻവഴിയാകുന്നത്. ഈ സേവനങ്ങൾക്ക് ആർ.ടി ഓഫീസുകൾ കയറിയിറങ്ങുകയോ, ഇടനിലക്കാരെ ആശ്രയിക്കുകയോ ചെയ്യേണ്ടതില്ല.
അപേക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥന് അപേക്ഷകനോട് സംസാരിക്കേണ്ടി വന്നാൽ വിളിച്ചു വരുത്തില്ല.പകരം വീഡിയോ കാളിലൂടെ സംസാരിക്കും.
ചില ഏജന്റുമാർ അപൂർണമായ രേഖകൾ അപ്‌ലോഡു ചെയ്യുകയും ഉദ്യോഗസ്ഥരിൽ ചിലരുമായി ചേർന്ന് സേവനങ്ങൾ വൈകിപ്പിക്കുയും ചെയ്യുന്നത് പതിവായിരുന്നു. കാര്യം നടക്കാൻ അപേക്ഷകൻ കൂടുതൽ തുക നൽകാൻ നിർബന്ധിതനാകുന്ന അവസ്ഥയായിരുന്നു.
അധാർ ബന്ധിപ്പിച്ച മൊബൈൽ
നമ്പർ ഉപയോഗിച്ച് അപേക്ഷ
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലെ ഓതന്റിക്കേഷൻ വഴിയാണ് സെപ്തബംർ 21 മുതൽ എല്ലാ സേവനങ്ങൾക്കും ഓൺലൈനായി അപേക്ഷ നൽകേണ്ടത്.
ആധാർ ഓതന്റിക്കേഷൻ പരാജയപ്പെട്ടാൽ മാത്രം അപേക്ഷ സ്ഥിരീകരിക്കുന്നതിന് യഥാർത്ഥ അപേക്ഷകൻ ഒരു തവണ ആർ.ടി.ഓഫീസിലെത്തേണ്ടിവരും.
#വാഹന പരിശോധന, അവകാശി തിരിച്ചറിയൽ സ്ഥിരീകരണം, കാരണം കാണിക്കൽ നോട്ടീസിന് ശേഷമുള്ള നേരിട്ടുള്ള ഹിയറിംഗ് തുടങ്ങിയ നടപടിക്രമങ്ങൾ ഉൾപ്പെടുന്ന സേവനങ്ങൾക്ക് നേരിട്ടെത്തണം.
#വാഹന പരിശോധനയ്ക്കുള്ള സ്ലോട്ട് നമ്മുടെ കേരളം പോർട്ടൽ വഴി ബുക്ക് ചെയ്യാം. ഹിയറിംഗ്, അവകാശി പരിശോധന എന്നിവയ്ക്കുള്ള സ്ലോട്ടുകളും ഓൺലൈനായി ബുക്ക് ചെയ്യാം. ആവശ്യമെങ്കിൽ നമ്മുടെ കേരളത്തിന്റെ 'വി മീറ്റ്' വഴി ആർ.ടി.ഒ മുമ്പാകെ വീഡിയോ കോൾ വഴി ഹാജരായാൽ മതി.
അക്ഷയകേന്ദ്രത്തെ
സമീപിക്കാം
നടപടിക്രമങ്ങൾ അറിയില്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാം. ഓൺലൈൻ അപേക്ഷകളുടെ പ്രിന്റൗട്ടുകൾ ആർ.ടി.ഒകളിൽ സമർപ്പിക്കേണ്ടതില്ല.ലേണേഴ്സ് ലൈസൻസ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, ഹെവി വെഹിക്കിൾ ബാഡ്ജ് ടെസ്റ്റ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റ് എന്നിവയ്ക്കുള്ള അപേക്ഷകർ സാരഥി വഴി സ്ലോട്ട് ബുക്ക് ചെയ്യണം.വാഹന ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകർ വാഹനിൽ സ്ലോട്ട് ബുക്ക് ചെയ്യണം.
''ഏജന്റുമാർ അപേക്ഷകരെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കും''
- സി.എച്ച്. നാഗരാജു,
ട്രാൻസ്പോർട്ട് കമ്മിഷണർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |