
രോഗി ഗുരുതരമായി തുടരുന്നു
ഐ.സി.എം.ആർ സംഘം എത്തി
കോഴിക്കോട്/തിരുവനന്തപുരം : കോഴിക്കോട് നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. രോഗബാധിതന്റെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന അടുത്ത ബന്ധുക്കളാണിവർ. മെഡിക്കൽ കോളേജ് ഐ.സി.യുവിൽ വെന്റിലേറ്ററിൽ കഴിയുന്ന രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. 48 മണിക്കൂർ കഴിഞ്ഞ് മെഡിക്കൽ ബോർഡ് സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്ളോണൽ ആന്റിബോഡി നൽകും.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിലെ (ഐ.സി.എം.ആർ) ഏഴംഗ സംഘം കോഴിക്കോടെത്തി. ഏഴുപേരാണ് സംഘത്തിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിക്കുകയും പ്രവർത്തനം വിലയിരുത്തുകയും ചെയ്തു.
സമ്പർക്ക പട്ടികയിലെ നാലു പേരെ കൂടി നിരീക്ഷണത്തിലാക്കി. 13 പേരെ പുതുതായി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇവർ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽ പെട്ടവരാണ്. ഇതോടെ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽ 82 പേരായി. വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ 4 പേരും ഉയർന്ന റിസ്‌ക് വിഭാഗത്തിൽ 14 പേരും തുടരുകയാണ്. മൊത്തം 100 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തി.
വടക്കാഞ്ചേരിയിലും ഷിഗെല്ല,
കൊല്ലം നെടുങ്ങോലത്ത് വീണ്ടും
വടക്കാഞ്ചേരി: നഗരസഭയിലെ കരുതക്കാട് ഡിവിഷനിൽ ഏഴും നാലും വയസുള്ള സഹോദരങ്ങൾക്ക് ഷിഗെല്ല. പനി, ഛർദ്ദി, വയറിളക്കം, കടുത്ത വയറുവേദന എന്നിവയെ തുടർന്നാണ് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പിന്നീടുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മധുര സ്വദേശിനിയായ മാതാവ് തമിഴ്‌നാട്ടിൽ നിന്നും കഴിഞ്ഞ എട്ടിനാണ് നാട്ടിൽ തിരികെയെത്തിയത്. ബാക്ടീരിയ ബാധ എവിടെ നിന്നെന്ന് വ്യക്തമല്ല. കൊല്ലം നെടുങ്ങോലത്ത് 17 കാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് ഷിഗെല്ല സ്ഥിരീകരിച്ച എട്ട് വയസുകാരന്റെ സഹോദരിയാണ്. എട്ട് വയസുകാരനൊപ്പം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ല.
കരിമ്പുഴയിൽ ഡെങ്കി മരണം
ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് എളമ്പുലാശ്ശേരി പൊമ്പ്ര സ്വദേശിനിയായ 62കാരി മരിച്ചു. മൂന്ന് ദിവസം മുമ്പാണ് പനി ബാധിച്ചത്. എളമ്പുലാശ്ശേരി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. പനി മാറാത്തതിനെ തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടാൻ നിർദ്ദേശിച്ചെങ്കിലും വീട്ടിലേക്ക് പോകുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചതോടെ മണ്ണാർക്കാട്ടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം മൂർച്ചിച്ചതിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ വെറ്റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ പുലർച്ചെയോടെ മരിച്ചു.
പകർച്ചവ്യാധി : 13 ദിവസത്തിനിടെ പൊലിഞ്ഞത് 41 ജീവൻ
തിരുവനന്തപുരം : വ്യാപക മഴയിൽ പകർച്ചവ്യാധികളുടെ പിടിയിലമർന്ന് കേരളം. കഴിഞ്ഞ 13 ദിവസത്തിനിടെ 41 പേർക്ക് ജീവൻ നഷ്ടമായി. പകർച്ചപ്പനി , എലിപ്പനി, ജലജന്യ രോഗങ്ങൾ, ഇൻഫ്ലുവൻസ, ഷിഗെല്ല, അമീബിക് മസ്തിഷ്ക ജ്വരം എന്നിങ്ങനെ പട്ടിക നീളുന്നു. ഇൻഫ്ലുവൻസ ബാധിച്ച് ഒൻപത് പേരാണ് മരിച്ചത്. എലിപ്പനി ബാധിച്ച് എട്ടു മരണമുണ്ടായി. ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേർ മരിച്ചു.
ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ് എ, വയറിളക്കരോഗങ്ങൾ എന്നിവ കാരണം നാലു പേർ വീതം മരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഇന്നലെ ഒരാൾ മരിച്ചതുൾപ്പെടെ ഈ മാസം മരണം മൂന്നായി. ഷിഗെല്ല, വെസ്റ്റ് നൈൽ പനി, അക്യൂട്ട് എൻസൈഫെലിറ്റിസ്, പകർച്ചപ്പനി എന്നിവ ബാധിച്ച് രണ്ടു വീതം മരണങ്ങൾ. ഇൻഫ്ലുവൻസയും എലിപ്പനിയുമാണ് വ്യാപകം. പ്രധാന മരണകാരണവും ഇവയാണ്. രണ്ടും സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.
സമാന ലക്ഷണങ്ങളാണെങ്കിലും ഇൻഫ്ലുവൻസയും എലിപ്പനിയും വ്യത്യസ്ത രോഗങ്ങളാണ്. വായു വഴി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്ന ഇൻഫ്ലുവൻസ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് കൂടുതൽ അപകടകരം . പ്രായാധിക്യവും, മറ്റ് ഗുരുതര രോഗങ്ങളും ഇൻഫ്ലുവൻസ ഗുരുതരമാക്കും. എലി, പൂച്ച, നായ, കന്നുകാലികൾ എന്നിവയുടെ മൂത്രത്തിലുമുള്ള ലപ്റ്റോ സ്പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |