SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.27 PM IST

നിയമസഭാ കൈയാങ്കളി: അക്രമം നടത്തിയത് വാച്ച് ആൻഡ് വാർഡർമാരെന്ന് പ്രതികൾ

niyamasabha

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള പ്രതികൾ നടത്തിയത് അക്രമമല്ലായിരുന്നുവെന്നും അതിക്രമം കാണിച്ചത് വാച്ച് ആൻഡ് വാർഡർമാരാണെന്നും പ്രതിഭാഗം കോടതിയിൽ ബോധിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവരുടെ വിടുതൽ ഹർജി ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചപ്പോഴാണ് പ്രതികൾ ഇക്കാര്യം ബോധിപ്പിച്ചത്.

അന്ന് തോമസ് ഐസക്, വി.എസ്. സുനിൽകുമാർ, പി. ശ്രീരാമകൃഷ്ണൻ എന്നിവരടക്കം ഇരുപതോളം പേരാണ് ഡയസിൽ കയറിയത്. അതിൽ തങ്ങൾ മാത്രം എങ്ങനെ പ്രതികളായെന്ന് അറിയില്ലെന്ന് കോടതിയെ ബോധിപ്പിച്ചു.

പ്രതിഷേധിക്കുന്നതിനിടെയുണ്ടായ സംഘർഷം പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. 21 മന്ത്രിമാർ ഉൾപ്പെടെ 140 എം.എൽ.എമാരും സഭയിൽ ഉണ്ടായിരുന്നു. അവരാരും കേസിൽ സാക്ഷികളായില്ല. പൊലീസുകാർ മാത്രമാണ് സാക്ഷികൾ.

സഭയിൽ നടന്നത് നിയമലംഘനമല്ല. സഭയിലെ ഉദ്യോഗസ്ഥരുമായുണ്ടായ ഉന്തിലും തള്ളിലുമാണ് സ്പീക്കറുടെ കസേര, കമ്പ്യൂട്ടർ തുടങ്ങിയവ നശിച്ചത്. കുറ്റപത്രത്തിലും ഇക്കാര്യം വ്യക്തമാണ്. ബഡ്ജറ്റ് പ്രസംഗം തടസ്സപ്പെടുത്തുക മാത്രമായിരുന്നു ഉദ്ദേശ്യം. സാമാജികർ നടത്തിയ പ്രതിഷേധപ്രകടനങ്ങൾ മാദ്ധ്യമങ്ങൾ പെരുപ്പിച്ചു കാട്ടിയതാണെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ സാമാജികർക്ക് നശിപ്പിക്കാനാകില്ലെന്നും പ്രതികൾ പൂർണ ബോധത്തോടെയാണ് ആക്രമണം നടത്തിയതെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു. വിടുതൽ ഹർജിയിൽ അടുത്ത മാസം ഏഴിന് വിധി പറയും.

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, കെ.ടി. ജലീൽ എം.എൽ.എ, മുൻ എം.എൽ.എമാരായ ഇ.പി. ജയരാജൻ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് പ്രതികൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NIYAMASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA