SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.54 AM IST

ആദ്യം പറഞ്ഞത് 'കേരളകൗമുദി' മെസി കേസിൽ അഴിമതിക്കുറ്റം: അബ്ദുറഹിമാൻ പ്രതിയാകും

news

തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പിൽ അഴിമതി നിരോധന നിയമപ്രകാരം മുൻ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ കേസെടുക്കാൻ ഡി.ജി.പി റവാഡ ചന്ദ്രശേഖർ സർക്കാർ അനുമതി തേടി .

അഡി.ഡി.ജി.പി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ ശുപാർശയിന്മേലുള്ള കേസിൽ ഉടൻ അനുമതി ലഭിച്ചേക്കുമെന്നാണ് വിവരം.

പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.സത്യപാലൻ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന യു.ഷറഫലി എന്നിവരും പ്രതികളാകും. 'മെസി" കേസിൽ മുൻമന്ത്രി കുടുങ്ങുമെന്ന് സെപ്തംബർ നാലിന് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു.

പൊതുപ്രവർത്തകരും സർക്കാരുദ്യോഗസ്ഥരുമുൾപ്പെട്ട അഴിമതി, വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയുള്ളതിനാലാണ് അനുമതി തേടിയത്. അഴിമതിക്കുറ്റം ചുമത്തി പുതിയ കേസെടുക്കുകയോ കളമശേരിയിലെ കേസിൽ അഴിമതിക്കുറ്റം കൂട്ടിച്ചേർക്കുകയോ ചെയ്യാം.

വിപണിമൂല്യമോ സാമ്പത്തിക ശേഷിയോ ഫണ്ടിന്റെ ഉറവിടമോ പരിഗണിക്കാതെ, താത്പര്യപത്രമില്ലാതെ, ചട്ടം മറികടന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാറുണ്ടാക്കാൻ സ്വകാര്യ കമ്പനിക്ക് അനുമതി നൽകിയെന്നതാണ് കേസ്. വഴിവിട്ട നടപടിക്രമങ്ങളിലൂടെ സ്പോൺസർക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. ഇതിലൂടെ സ്പോൺസറുടെ ബ്രാൻഡ് മൂല്യമുയർന്നു. സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളെ കൂട്ടുപിടിച്ച് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഇവർ 206 കോടി സമാഹരിച്ചു. ഫുട്ബാൾ പ്രേമിയെന്ന നിലയിലാണ് കരാറിൽ സാക്ഷിയായതെന്നാണ് ഷറഫലിയുടെ മൊഴി. സ്പോർട്സ് കൗൺസിലിന്റെ പ്രസിഡ‍ന്റെന്ന മേൽവിലാസമാണ് കരാറിലുള്ളതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

 വഴിവിട്ട കരാർ മുതൽ വിദേശയാത്ര വരെ

1) ഉത്തരവിറങ്ങും മുൻപ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ ഫുട്ബാൾ അസോസിയേഷനുമായി കരാറാപ്പിട്ടു. കരാറിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒപ്പിട്ടത് മന്ത്രിയുടെ നിർദ്ദേശപ്രകാരം. വിവാദമായതോടെ കരാർ രേഖകൾ മുക്കി.

2) 210 കോടി ചെലവുള്ള പദ്ധതിയിൽ ടെൻഡറില്ലാതെ സ്പോൺസറെ തിരഞ്ഞെടുത്തു. തിരഞ്ഞെടുത്തത് വാക്കാലുള്ള നിർദേശ പ്രകാരം. ഫുട്ബാൾ അസോസിയേഷനുമായി അബ്ദുറഹിമാൻ നേരിട്ട് ഇ-മെയിലിലൂടെ ബന്ധപ്പെട്ടു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് കായികവകുപ്പിന് നിർദ്ദേശം നൽകിയത്. വകുപ്പുസെക്രട്ടറി അറിയാതെയുള്ള നടപടികൾ അഴിമതിക്കെന്ന് എസ്.ഐ.ടി

3) ക്ഷണിക്കാനായി 2024ൽ മന്ത്രിതലസംഘം സ്പെയിൻ സന്ദർശിച്ചതിന് 13.04 ലക്ഷം ചെലവായി. സ്പോൺസറെ തീരുമാനിക്കാൻ താത്പര്യപത്രം ക്ഷണിക്കൽ, പരസ്യ ടെൻഡർ നടപടികൾ, സാമ്പത്തികശേഷി പരിശോധിക്കൽ, ഫണ്ടിന്റെ സ്രോതസ് വിലയിരുത്തൽ എന്നിവയുണ്ടായില്ല

''എസ്.ഐ.ടിയുടെ അന്വേഷണറിപ്പോർട്ട് സർക്കാരിന് കൈമാറി. അനുമതി ലഭിച്ചാലുടൻ അഴിമതിക്കുറ്റത്തിന് കേസെടുക്കും''

-റവാഡ ചന്ദ്രശേഖർ

പൊലീസ്‌മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA