SignIn
Kerala Kaumudi Online
Friday, 18 September 2026 10.11 AM IST

പരാതി ഒഴിവാക്കാൻ റെയിൽവേ കണ്ടെത്തിയ മാർഗം കുടുക്കുന്നത് യാത്രക്കാരെ: ജനപ്രതിനിധികൾ വിചാരിച്ചാൽ പരിഹാരം

READ ENGLISH VERSION
railway

തിരുവനന്തപുരം: ബഫർ ടൈമിൽ സ്റ്റേഷനിൽ നിറുത്താതെ ഔട്ടറിൽ ട്രെയിനുകൾ പിടിച്ചിടുന്നതിൽ വലഞ്ഞ് യാത്രക്കാർ. ട്രെയിൻ വൈകുന്നെന്ന പരാതി ഒഴിവാക്കാൻ റെയിൽവേ കണ്ടെത്തിയ മാർഗമാണ് ബഫർ ടൈം. എന്നാൽ അവസാന സ്റ്റേഷനിൽ ഇറങ്ങുന്ന യാത്രക്കാരാണ് ഇതിലൂടെ ദുരിതമനുഭവിക്കുന്നത്. തിരുവനന്തപുരം സെൻട്രലിൽ ഇറങ്ങേണ്ട യാത്രക്കാരെ തൊട്ടുമുമ്പുള്ള പേട്ട സ്റ്റേഷനിൽ ഇറങ്ങാൻ അനുവദിക്കാതെ ഈ രണ്ടു സ്റ്റേഷനുകൾക്കുമിടയിൽ ട്രെയിൻ പിടിച്ചിടുന്നുവെന്നാണ് ആക്ഷേപം. പേട്ടയിൽ നിറുത്തിയാൽ റെയിൽവേയ്ക്ക് ബഫർ ടൈമും പാലിക്കാം. യാത്രക്കാർ കാത്തിരിക്കേണ്ടിയും വരില്ല.

യാത്ര ആരംഭിക്കുന്ന സ്റ്റേഷനിലെയും അവസാനിക്കുന്ന സ്റ്റേഷനിലെയും സമയം നോക്കിയാണ് ട്രെയിനുകളുടെ കൃത്യത പറയുന്നത്. ഇട സ്റ്റേഷനുകളിൽ അത് ഉറപ്പാക്കുന്നില്ല.

അപ്രതീക്ഷിതമോ, സാങ്കേതികമോ ആയ കാരണങ്ങളാൽ ട്രെയിൻ വൈകിയാൽ പരാതി ഒഴിവാക്കാനാണ് ബഫർ ടൈം എന്നാണ് റെയിൽവേ പറയുന്നത്. വഴിയിൽ വൈകിയാലും സമയത്ത് എത്തിക്കാൻ ഇത് സഹായിക്കും. റെയിൽവേ ബോർഡ് മാറ്റം വരുത്തിയാലേ ഇതിന് പരിഹാരമാകൂവെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. പേട്ടയിൽ നിറുത്തണമെങ്കിൽ സ്റ്റോപ്പ് അനുവദിക്കേണ്ടിവരും. അതിന് ജനപ്രതിനിധികളോ സർക്കാരോ ആവശ്യപ്പെടണമെന്നാണ് റെയിൽവേയുടെ നിലപാട്.

അറ്റകുറ്റപ്പണി, സ്റ്റോപ്പുകളിലെ അധിക സമയം, വേഗ നിയന്ത്രണം, പ്ലാറ്റ്‌ഫോം ലഭിക്കാനുള്ള താമസം തുടങ്ങിയവ കണക്കിലെടുത്താണ് ബഫർ ടൈം നൽകുന്നത്. പാത ഇരട്ടിപ്പിച്ചതിന്റെയും വേഗം കൂട്ടിയതിന്റെയും ആനുകൂല്യം യാത്രക്കാർക്ക് ലഭിക്കണമെങ്കിൽ ബഫർ ടൈം കുറയ്ക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 3,000 കിലോമീറ്റർ സർവീസ് നടത്തുന്ന ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്‌പ്രസിന് ഒരു മണിക്കൂർ ബഫർ ടൈം കൊടുക്കുന്നത് ന്യായമാണെങ്കിലും കേരളത്തിനുള്ളിൽ ഓടുന്ന ട്രെയിനുകൾക്ക് എന്തിനാണ് ഒരു മണിക്കൂർ എന്നാണ് ചോദ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA