
തിരുവനന്തപുരം: ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ്
സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അയൽ സംസ്ഥാനങ്ങളിൽ ബോധവത്കരണം നടത്തും. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക പൊലീസ് മേധാവികൾക്ക് ഡി.ജി.പി അറിയിപ്പ് നൽകും. പ്രാദേശിക ഭാഷകളിൽ വാർത്താക്കുറിപ്പുകളിറക്കും.. പ്രധാന കേന്ദ്രങ്ങളിൽ സൈൻ ബോർഡുകളും അനൗൺസ്മെന്റ് സംവിധാനങ്ങളും ഒരുക്കും. പൊലീസ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനങ്ങൾ.
പൊലീസുകാർ തീർത്ഥാടകരോട് സൗഹൃദപരമായും, സഹാനുഭൂതിയോടെയും പെരുമാറണമെന്ന് മന്ത്രി നിർദേശിച്ചു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സുമുണ്ടാവും. മരക്കൂട്ടം ഉൾപ്പെടെയുള്ള പ്രധാന പാതകളിലെ ഫയർ ഹൈഡ്രന്റുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കാൻ മോക്ക് ടെസ്റ്റുകൾ നടത്തും. നിലയ്ക്കലിലെ പാർക്കിംഗ് സൗകര്യം കാര്യക്ഷമമാക്കും. ചക്കുപാലത്തെ മണ്ണ് നീക്കി 400 മുതൽ 500 വരെ അധിക വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും. തീർഥാടകരുടെ വാഹനങ്ങളുടെ ഫിറ്റ്‌നസും വേഗവും കർശനമായി പരിശോധിക്കും.സന്നിധാനം, പമ്പ, നിലയ്ക്കൽ സി.സി.ടി.വി നിരീക്ഷണം പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. കുന്നാർ ഡാം, പാണ്ടിത്താവളത്തെ വാട്ടർ ടാങ്ക്, എൽപിജി സിലിണ്ടർ സംഭരണ കേന്ദ്രങ്ങൾ എന്നിവയ്ക്ക് സുരക്ഷ ഏർപ്പെടുത്തും.
സന്നിധാനത്തും പമ്പയിലും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കും.പമ്പാ നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് കർശനമായി തടയും.പൊലീസുകാർക്ക് ഗുണനിലവാരമുള്ള ഭക്ഷണം, ശുചിത്വമുള്ള താമസസൗകര്യം, കുടിവെള്ളം എന്നിവ ഉറപ്പാക്കും.ദേവസ്വം മന്ത്രി കെ. മുരളീധരൻ, ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് അലം, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ പി. വിജയൻ തുടങ്ങിയവരും പങ്കെടുത്തു.
ശബരിമല:
സർക്കാർ- ബോർഡ്
തർക്കത്തിന് വിരാമം
തിരുവനന്തപുരം: ശബരിമല മുന്നൊരുക്കങ്ങളും അരവണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡുമായുണ്ടായ തർക്കം പരിഹരിച്ചു. ദേവസ്വം മന്ത്രി കെ.മുരളീധരനുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ കൂടിക്കാഴ്ച നടത്തിയതോടെയാണിത്.
ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ദേവസ്വം ബോർഡ് പ്രസിഡന്റ്, മന്ത്രി കെ.മുരളീധരന അറിയിച്ചു.കന്നി മാസ പൂജയിലുണ്ടായ അരവണ പ്രതിസന്ധിക്ക് കാരണം വിശദീകരിച്ചു. തുലാം മാസ പൂജയ്ക്ക് 8 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമുണ്ടാകും. മണ്ഡല കാലത്തിനായി നട തുറക്കുമ്പോൾ 75 ലക്ഷം ടിൻ അരവണ ബഫർ സ്‌റ്റോക്കായി ഉണ്ടാക്കും.ഒരു തരത്തിലും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാൻ പാടില്ലെന്നും, വീഴ്ചയുണ്ടാൽ സർക്കാരിന്റെ പ്രതിച്ഛായക്ക് കോട്ടമുണ്ടാകുമെന്നും മന്ത്രി
വ്യക്തമാക്കി.
കൂടിക്കാഴ്ചക്കൊടുവിൽ എല്ലാം ശുഭമെന്നായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം. ആശങ്കയും അസംതൃപ്തിയും മാറിയെന്നും എല്ലാ കാര്യങ്ങളിലും ധാരണയായെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. എല്ലാ ആഴ്ചയും വിലയിരുത്തൽ റിപ്പോർട്ട് നൽകാമെന്ന് പ്രസിഡന്റ് സമ്മതിച്ചു. ബോർഡും സർക്കാരും സഹകരിച്ച് പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |