SignIn
Kerala Kaumudi Online
Sunday, 23 August 2026 12.47 AM IST

ബഹിരാകാശ മാലിന്യ പ്രഹരം ഇന്ത്യയുടെ 20 ഉപഗ്രഹങ്ങൾ മലക്കം മറിഞ്ഞ് രക്ഷപ്പെട്ടു

netra

തിരുവനന്തപുരം: ബഹിരാകാശ മാലിന്യങ്ങൾ വന്നിടിക്കാതിരിക്കാൻ ഐ.എസ്.ആർ.ഒയുടെ 20 ഉപഗ്രഹങ്ങൾക്ക് കഴിഞ്ഞ ഒരുവർഷത്തിനിടെ ഭ്രമണപഥത്തിൽ മലക്കം മറിയേണ്ടിവന്നത് 29 തവണ. ഇന്ത്യയ്ക്ക് നിലവിൽ 22 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തുള്ളത്. ഒന്നരലക്ഷത്തിലേറെ തവണയാണ് മാലിന്യം വന്നിടിക്കുമെന്ന ഭീഷണി നേരിടേണ്ടിവന്നത്. അന്താരാഷ്ട്ര തലത്തിലെ ഇന്റർ ഏജൻസി സ്പെയ്സ് കോ- ഓർഡിനേഷൻ കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

മണിക്കൂറിൽ 28,164 കിലോമീറ്റർ വേഗത്തിലാണ് ഭൂമിക്ക് ചുറ്റുമായി മാലിന്യങ്ങൾ പായുന്നത്. ഇത്രയും വേഗത്തിൽ ഒരു സ്ക്രൂ വന്നിടിച്ചാൽ പോലും ഉപഗ്രഹങ്ങൾക്ക് സാരമായ കേടുപാടുകളുണ്ടാകും.

ഏഴരലക്ഷം

മാലിന്യങ്ങൾ

1നശിച്ചുപോയ ഉപഗ്രഹങ്ങളും റോക്കറ്റ് ഭാഗങ്ങളുമാണ് മാലിന്യങ്ങളായി ഭൂമിക്ക് ചുറ്റും കറങ്ങുന്നത്. ലോഹനിർമ്മിതമായ ഉപഗ്രഹങ്ങൾ കത്താതെയും നശിക്കാതെയും ചെറിയ ഭാഗങ്ങളായി ഭൂമിയെ ചുറ്റിക്കറങ്ങുകയാണ്. ഏഴര ലക്ഷത്തിലധികം ഇത്തരം ലോഹഭാഗങ്ങൾ ഭ്രമണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ചന്ദ്രനിൽ പോലും 3000ത്തിലേറെ മനുഷ്യനിർമ്മിത വസ്തുക്കൾ ചിതറിക്കിടക്കുകയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നാൽ ഇവയിൽ പലതും കത്തിപ്പോകും.

2ഉപയോഗ ശൂന്യമായ ഉപഗ്രഹങ്ങളുടേയും റോക്കറ്റിന്റേയും ഭാഗങ്ങൾ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവന്ന് ശാന്തസമുദ്രത്തിലെ പോയിന്റ് നെമോയിൽ നിക്ഷേപിക്കുകയാണ് പതിവ്. ഇവിടെ നൂറുകണക്കിന് ബഹിരാകാശ വാഹനങ്ങൾ ഇത്തരത്തിൽ കിടപ്പുണ്ടെന്നാണു സൂചന. പഴയ റഷ്യൻ സ്‌പേസ് സ്റ്റേഷനായ മിറും ഇക്കൂട്ടത്തിലുണ്ട്. കഴിഞ്ഞയാഴ്ച ഇന്ത്യയുടെ ജി.എസ്.എൽ.വി റോക്കറ്റിന്റെ ഭാഗം ഐ.എസ്.ആർ.ഒ ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവന്നിരുന്നു.

#ഐ.എസ്.ആർ.ഒയുടെ നേത്ര

മാലിന്യശല്യം നീക്കാൻ ഐ.എസ്.ആർ.ഒ ഡെബ്രിസ് ഫ്രീ സ്പെയ്സ് മിഷൻ തുടങ്ങിയിട്ടുണ്ട്. സ്പെയ്സ് മാലിന്യങ്ങൾ നിരീക്ഷിക്കാൻ ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് നിലയത്തിൽ കൂറ്റൻ മൾട്ടി ഒബ്ജക്ട് ട്രാക്കിംഗ് റഡാർ സ്ഥാപിച്ചിട്ടുണ്ട്. ഇത് പ്രധാനമായും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലാണ് നിരീക്ഷിക്കുന്നത്. വമ്പൻമാലിന്യങ്ങൾ ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹങ്ങളിൽ ഇടിക്കാൻ വരുന്നത് കണ്ടെത്താനും മുന്നറിയിപ്പ് നൽകാനും ഇതിന് സാധിക്കും. ഹിമാലയത്തിലെ ലഡാക്കിലുള്ള ഹൻലേയിൽ നേത്ര എന്ന പേരിൽ കൂറ്റൻ ബഹിരാകാശ മാലിന്യ നിരീക്ഷണ സംവിധാനം നിർമ്മിച്ചുവരികയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകും. നെറ്റ്‌വർക്ക് ഫോർ സ്പേസ് ട്രാക്കിംഗ് ആൻഡ് അനലിസിസ് എന്നാണ് നേത്രയുടെ മുഴുവൻപേര്. 30 സെന്റിമീറ്റർ വലിപ്പമുള്ള വസ്തുവിനെപോലും നിരീക്ഷിക്കാൻ നേത്രയ്ക്ക് സാധിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SATELITE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA