
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്‌ഐടി. ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എസ്‌ഐടിക്ക് നേതൃത്വം നൽകുന്ന എസ് പി എസ്. ശശിധരൻ കോടതിയിൽ ഹാജരായി. പ്രഭാമണ്ഡലത്തിൽ നിന്ന് സാമ്പിൾ ശേഖരിച്ചതും റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ 14ന് വൈകിട്ട് ശ്രീകോവിലിന്റെ കട്ടിളപ്പടിക്ക് മുകളിലുള്ള ലക്ഷ്മീരൂപം കൊത്തിയ സ്വർണം പതിപ്പിച്ച ആർച്ച് രൂപത്തിലുള്ള പ്രഭാമണ്ഡലവും ശ്രീകോവിലിന്റെ വടക്കുഭാഗത്തുള്ള കട്ടിളപ്പാളികളും ദേവസ്വം തിരുവാഭരണ കമ്മിഷണർ ആർ. റെജിലാലിന്റെ സാന്നിദ്ധ്യത്തിൽ ഇളക്കിയെടുത്ത് എസ്ഐടി സംഘം പരിശോധിച്ചിരുന്നു. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിന് സമീപത്തെ മുറിയിലെത്തിച്ചായിരുന്നു പരിശോധന.
നഷ്ടപ്പെട്ട സ്വർണത്തിന്റെ തൂക്കം തിട്ടപ്പെടുത്താനായിരുന്നു ഇത്. കർപ്പൂരത്തിന്റെ പുകയടിച്ച് കറുത്തിരുന്ന പ്രഭാമണ്ഡലത്തിന്റെ തൂക്കവും ഉപരിതല പരിശോധനയും നടത്തിയശേഷം സ്പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണന്റെ നിർദ്ദേശപ്രകാരം തുടച്ച് മിനുസമാക്കിയാണ് തിരികെ സ്ഥാപിച്ചത്.
പ്രഭാമണ്ഡലത്തിന്റെ സമീപത്തുള്ള കട്ടിളപ്പാളികളിൽ നിന്ന് ശേഖരിച്ച സാമ്പിൾ ഏത് ലാബിലേയ്ക്ക് പരിശോധനയ്ക്ക് അയക്കണമെന്ന കാര്യത്തിലുള്ള റിപ്പോർട്ട് എസ്‌ഐടി സീലുവച്ച കവറിൽ കോടതിയിൽ നൽകിയിട്ടുണ്ട്. തൊണ്ടിമുതലില്ലാത്ത കേസായതിനാൽ ശാസ്ത്രീയ പരിശോധനാഫലം കോടതിയുടെ തീരുമാനത്തെ സ്വാധീനിക്കും. എസ്‌ഐടി റിപ്പോർട്ട് പരിശോധിച്ചതിനുശേഷമായിരിക്കും ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണത്തിന്റെ അളവുസംബന്ധിച്ച് കോടതി തീരുമാനമെടുക്കുക. സ്വർണക്കൊള്ളക്കേസിലെ പ്രതിപ്പട്ടിക വിപുലപ്പെടുത്തുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുത്തേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |