SignIn
Kerala Kaumudi Online
Saturday, 29 August 2026 11.17 AM IST

ഗുരുദേവന്റെ പന്തി​ഭോജന സാക്ഷിയായുണ്ട്​ അറപ്പുര: നൂറ്റാണ്ടിന്റെ സ്മരണയോടെ

arappura

കൊല്ലം: ഗുരുദേവൻ പങ്കെടുത്ത പന്തി​ഭോജനത്തിന് സാക്ഷിയായ അറപ്പുര ഒരു നൂറ്റാണ്ടിന്റെ പഴമയോടെ ഇപ്പോഴും കൊല്ലം മുണ്ടയ്ക്കലിൽ തലയുയർത്തി നിൽക്കുന്നു. ഈ അറപ്പുരയുടെ തിണ്ണയിലിരുന്നാണ് ഗുരുദേവൻ പന്തി​ഭോജനത്തിൽ പങ്കെടുത്തത്. തൊട്ടടുത്ത് അന്നുണ്ടായിരുന്ന നാലുകെട്ട് പിന്നീട് പൊളിച്ചുനീക്കി പുതിയ വീട് നിർമ്മിച്ചെങ്കിലും ഗുരുദേവന്റെ പാദസ്പർശമേറ്റ അറപ്പുര തലമുറകളായി സംരക്ഷിച്ചുവരികയാണ്.

ഗുരുദേവൻ ദേശസഞ്ചാരത്തിനിടെ വർക്കലയിൽ നിന്ന് ജലപാത വഴി കൊല്ലത്ത് എത്തുമായിരുന്നു. ജലപാതയുടെ ഭാഗമായ കൊല്ലം തോട്ടിൽ മുണ്ടയ്ക്കലിൽ അന്നൊരു കടവുണ്ടായിരുന്നു. കടവിലിറങ്ങുന്ന ഗുരുദേവനെ കാണാൻ സ്ഥലത്തെ പ്രധാനിയായ കൊണ്ടേത്ത് കൊച്ചുകുഞ്ഞ് ആശാൻ അടക്കമുള്ള ഗുരുദേവ ഭക്തരെല്ലാം ഒത്തുകൂടും. അങ്ങനെ ഒരിക്കൽ മുണ്ടയ്ക്കൽ കടവിലെത്തിയ ഗുരുദേവൻ കൊച്ചുകുഞ്ഞ് ആശാനോട് എല്ലാ ജാതിമതസ്ഥരെയും പങ്കെടുപ്പിച്ച് പന്തി​ഭോജനം നടത്താൻ നിർദ്ദേശിച്ചു. 1908ൽ കൊച്ചുകുഞ്ഞ് ആശാന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പന്തി​ഭോജനത്തിൽ പങ്കെടുക്കാൻ ഗുരുദേവൻ എത്തുകയും ചെയ്തു.

തന്റെ സ്വത്തി​ൽ അറപ്പുര സ്ഥിതി ചെയ്യുന്നതടക്കമുള്ള കുറച്ചുഭൂമി കൊണ്ടേത്ത് കൊച്ചുകുഞ്ഞ് ആശാൻ അനന്തിരവനായ നീലകണ്ഠൻ ആശാന് നൽകി. അദ്ദേഹത്തിന്റെ കൊച്ചുമകൻ രതീഷിന്റെ ഉടമസ്ഥതയിലാണ് അറപ്പുര സ്ഥിതി ചെയ്യുന്ന സ്ഥലം. തൊട്ടടുത്ത് കടൽത്തീരമായിട്ടും ഗുരുദേവൻ സ്ഥാനം നിർണയിച്ച് കുത്തിയ ഉപ്പുരസമില്ലാത്ത, ഉറവ വറ്റാത്ത കിണറും സമീപത്തുണ്ട്. തീരദേശ റോഡ് വഴി കടന്നുപോകുന്ന ശിവഗിരി പദയാത്രയിലെ തീർത്ഥാടകർ അറപ്പുരയും ഗുരുദേവൻ സ്ഥാനം നിർണയിച്ച ഉറവ വറ്റാത്ത കിണറും സന്ദർശിക്കാറുണ്ട്.

English Summary

A century-old Arappura in Mundakkal, Kollam, still stands as a historic witness to a communal feast attended by Sree Narayana Guru.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREENARAYANAGURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA