
കാസർകോട്: ബാങ്ക് ഉദ്യോഗസ്ഥരായ പ്രതിശ്രുത വധൂവരന്മാരുടെ മരണത്തിലേക്ക് നയിച്ചത് സൗന്ദര്യപ്പിണക്കവും തുടർന്നുണ്ടായ ആത്മഹത്യാ അഭിനയവും. കാസർകോട് പള്ളിക്കര കൂട്ടക്കനി സ്വദേശി തയ്യിൽ വീട്ടിൽ ചന്ദ്രൻ- റീന ദമ്പതികളുടെ മകൾ പി.അനുശ്രീയും(25) കണ്ണൂർ ഇരിട്ടി അമ്പലത്തട്ട് വിളമന സ്വദേശി സുധാകരന്റെ മകൻ വി.അമലുമാണ് (26) 12ന് രണ്ടിടങ്ങളിലായി ജീവനൊടുക്കിയത്.
11ന് രാത്രി ഇരുവരും മൊബൈലിൽ ചാറ്റ് ചെയ്തിരുന്നതായി അനുശ്രീയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ചാറ്റിംഗിനിടെ ഇരുവരും തമ്മിൽ പിണങ്ങി. ദേഷ്യം അഭിനയിച്ച അനുശ്രീ, തൂങ്ങി മരിക്കുമെന്ന് അമലിനെ ഭീഷണിപ്പെടുത്തി. വീഡിയോ കാൾ ചെയ്ത്, സ്റ്റൂളിൽ കയറി നിന്ന് ഫാനിൽ ചുരിദാർ ഷാൾ കഴുത്തിൽ കെട്ടുന്നത് അമലിനു കാണിച്ചുകൊടുത്തു. ഇതിനിടെ സ്റ്റൂൾ തെന്നി കഴുത്തിൽ ഷാൾ കുരുങ്ങി ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇതിന് സാക്ഷിയായ അമൽ, ഉടൻ പള്ളിക്കരയിലെ അനുശ്രീയുടെ പിതാവ് ചന്ദ്രനെ വിവരമറിയിച്ചു. പുലർച്ചെ മൂന്നോടെ കർണാടകയിലേക്ക് തിരിച്ച ചന്ദ്രനും ബന്ധുക്കളും എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പ്രിയപ്പെട്ടവൾ കൺമുന്നിൽ പിടഞ്ഞുമരിച്ചതിന്റെ മനോവിഷമത്തിലാണ് അമലും താമസസ്ഥലത്ത് ആത്മഹത്യ ചെയ്തത്.
ഡിസംബർ 26നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. എസ്.ബി.ഐ കർണാടക ഉൻസൂരി ബ്രാഞ്ചിലെ ജീവനക്കാരിയാണ് അനുശ്രീ. അമൽ എസ്.ബി.ഐ എറണാകുളം എം.ജി റോഡ് ബ്രാഞ്ച് മാനേജരാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |