
കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതർക്കു നൽകിയ നഷ്ടപരിഹാരവും ചികിത്സാചിലവും കേന്ദ്ര സർക്കാരിൽ നിന്നും കീടനാശിനി കമ്പനിയിൽ നിന്നും ഈടാക്കണമെന്ന് സുപ്രീം കോടതി വിധിച്ചിട്ടും സംസ്ഥാന സർക്കാരിന് മൗനം. 480 കോടി രൂപയാണ് കിട്ടാനുള്ളത്.
ഡി.വൈ.എഫ്.ഐ നൽകിയ കേസിൽ 2017 ജനുവരി 10 നാണ്
വിധിവന്നത്.
എൻഡോസൾഫാൻ മൂലം ഗുരുതരമായ രോഗം പിടിപെട്ട് ദുരിതത്തിലായവർക്ക് അഞ്ച് ലക്ഷം വീതം ആശ്വാസ ധനസഹായം അനുവദിക്കണമെന്നാണ് നിർദേശിച്ചത്.
രണ്ടുവർഷത്തോളം സർക്കാർ ഒരു നടപടിയുമെടുത്തില്ല. ആനുകൂല്യം കിട്ടാൻ ദുരിത ബാധിതരായ അർച്ചനയുടെ മാതാവ് പി.രമ്യ, അഫ്സലിന്റെ മാതാവ് എം.പി ജമീല, നിഷയുടെ മാതാവ് സിസിലി, വിജയലക്ഷ്മിയുടെ മാതാവ് മാധവി എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു. ജസ്റ്റിസ് ജെ. വൈ ചന്ദ്രചൂഡ് അന്ത്യശാസനം നൽകിയതോടെയാണ് 6000 ത്തിലധികം ദുരിതബാധിതർക്ക് അഞ്ച് ലക്ഷം വീതം സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചത്.2017 ലെ മെഡിക്കൽ ക്യാമ്പ് പ്രകാരം ലിസ്റ്റിൽ ഉൾപ്പെടുത്തിയ 1031 പേരിൽ അർഹരായ 977 പേർക്ക് ഇപ്പോഴും ആശ്വാസ ധനസഹായം നൽകി വരുന്നുണ്ട്. 2022 ൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ തിരഞ്ഞെടുക്കപ്പെട്ടവർ ഇനിയും ലിസ്റ്റിൽ പെട്ടിട്ടില്ല.
കത്തെഴുതി കൈകഴുകി
#വി. എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ 480 കോടി ചോദിച്ചെങ്കിലും കേന്ദ്രം തള്ളി. 50 ശതമാനം ലഭ്യമാക്കാൻ 2018 ൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകിയെങ്കിലും നിരസിച്ചു. എന്നിട്ടും തുക കിട്ടാൻ സുപ്രീം കോടതിയെ സമീപിക്കാതെ ഒഴിഞ്ഞു മാറുകയാണ് സംസ്ഥാന സർക്കാർ.
പെൻഷൻ മുടങ്ങി
സംസ്ഥാന സർക്കാർ നൽകുന്ന പെൻഷൻ അഞ്ച് മാസമായി മുടങ്ങിയിരിക്കുകയാണ്.കിടപ്പിലായവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും 2200 രൂപയും ഭിന്നശേഷിക്കാർക്കും ക്യാൻസർ മുതലായ രോഗം ബാധിച്ചവർക്ക് 1200 രൂപയുമാണ് പെൻഷൻ.
ഏപ്രിൽ തൊട്ട് ഓഗസ്റ്റ് വരെയുള്ളത് കിട്ടാനുണ്ട്. 2200 രൂപയിൽ നിന്ന് 500 രൂപയോളം വെട്ടിക്കുറച്ചതായി ആരോപണവും ഉയരുന്നുണ്ട്.
കീടനാശിനി കമ്പനികൾക്കെതിരെ സുപ്രീംകോടതിയിൽ പോകാത്ത സർക്കാർ നിലപാട് ദുരൂഹമാണ്.
-അമ്പലത്തറ കുഞ്ഞിക്കൃഷ്ണൻ
(സെക്രട്ടറി, എൻഡോസൾഫാൻ
പീഡിത ജനകീയ മുന്നണി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |