
പെരിന്തൽമണ്ണ: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിൽ സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു. മങ്കട വെള്ളില സ്വദേശികളായ പുതുക്കുടി മലയിൽ അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ പുത്തൻവീട്ടിൽ മലയിൽ സെയ്തലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ മുഹമ്മദ് സിയാദ് (18), കറുത്താൻകുത്തിൽ നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്.
ഫഹദിന്റെ സഹോദരൻ റോഷൻ (20), വെള്ളില മലയിൽ വീട്ടിൽ മുഷ്താഖിന്റെ മകൻ ഇഷ്ഹാത് (19), പുതുക്കുടി വീട്ടിൽ അലിയുടെ മകൻ സൽമാനുൽ ഫാരിസ് (21) എന്നിവർക്ക് പരിക്കേറ്റു. ഇഷ്ഹാത്, സൽമാനുൽ ഫാരിസ് എന്നിവരെ പിന്നീട് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്കും റോഷനെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്കും മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചിനാണ് ദുരന്തമുണ്ടായത്. മിന്നലേറ്റ് കുഴഞ്ഞ് വീണ വിദ്യാർത്ഥികളെ ഉടൻ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രണ്ടു പേർ മരിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷമാണ് മറ്റു രണ്ടു പേർ മരിച്ചത്. ആറു പേരെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. സംഘത്തിൽ ഒരാൾ കൂടിയുണ്ടെന്ന് പരിക്കേറ്റവർ അറിയിച്ചതോടെ വീണ്ടും തെരച്ചിൽ നടത്തിയത്. തുടർന്ന് വ്യൂ പോയിന്റിന് താഴെ പാറയിടുക്കിൽ വീണ് കിടക്കുകയായിരുന്ന സൽമാനുൽ ഫാരിസിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. മങ്കട ജി.എച്ച്.എസിൽ 10ാം ക്ലാസ് ഫലം കാത്തിരിക്കുകയാണ് മുഹമ്മദ് സിയാദ്. സുലൈഖയാണ് മാതാവ്. സഹോദരി: സിനിയ മോൾ (മേൽമുറി എ.എം.എൽ.പി.എസ് അദ്ധ്യാപിക). മങ്കട ജി.എച്ച്.എസിൽ പ്ലസ് ടു വിദ്യാർത്ഥിയായിരുന്നു റഹീസ്. മാതാവ്: റുബീന. മുഹമ്മദ് ബഹാസ് മലപ്പുറം ബോയ്സ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. മാതാവ്: പരേതയായ സാജിത. സഹോദരങ്ങൾ: ഫാത്തിമ ഇഷ്ഹാത്, ഹിബ. ഫഹദിന്റെ മാതാവ് നസീമ. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു രാവിലെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. ഖബറടക്കം ഇന്ന് മലയിൽ റഹ്മാനിയ ജുമാമസ്ജിദ് കബർസ്ഥാനിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |