തിരുവനന്തപുരം: ജനങ്ങൾ മഴക്കെടുതിയിൽ വലയുമ്പോൾ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി വി ശിവൻകുട്ടി. നാട് ദുരന്തമുഖത്തിൽ പകച്ചുനിൽക്കുമ്പോൾ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
സംസ്ഥാന ദുരന്തനിവാര അതോറിറ്റിയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയെന്ന നിലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഔദ്യോഗിക കടമകൾ കാറ്റിൽപ്പറത്തിയാണ് മുഖ്യമന്ത്രി പൊന്നാനിയിൽ യൂത്ത് ലീഗ് നേതാവിന്റെ വസതിയിലെ സർക്കാരത്തിൽ പങ്കെടുത്തതെന്നും ശിവൻകുട്ടി വിമർശിച്ചു.
'നാടൊട്ടുക്കും ജനങ്ങൾ ഭീതിയിലും നിരാശയിലും കഴിയുമ്പോൾ വിഭവസമൃദ്ധമായ വിരുന്നുകളിൽ മുഴുകുന്ന മുഖ്യമന്ത്രിയുടെ നടപടി റോം കത്തിയെരിയുമ്പോൾ വീണമീട്ടുന്നതിന് തുല്യമാണ്. വ്യക്തിപരമായ സൽക്കാരങ്ങൾക്കും താൽപ്പര്യങ്ങൾക്കും മുൻഗണന നൽകുന്ന ഈ സമീപനം പദവിക്ക് നിരക്കുന്നതല്ല, മറ്റുപരിപാടികൾ മാറ്റിവച്ച് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കാനുള്ള ആർജ്ജവമാണ് ഒരു ഭരണാധികാരി കാണിക്കേണ്ടത് '- അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടുമഹാപ്രളയങ്ങളും കൊവിഡ് മഹാമാരിയും വന്നപ്പോൾ കേരളത്തെ മുന്നിൽനിന്ന് നയിച്ച് ജനങ്ങൾക്ക് കരുത്തുപകർന്ന ക്യാപ്റ്റൻ പിണറായി വിജയനെപ്പോലൊരു ഭരണാധികാരിയെ നമ്മൾ കണ്ടതാണെന്നും, ഇച്ഛാശക്തിയോടെ ഭരണം നടത്താൻ വിഡി സതീശൻ പിണറായി വിജയനെ മാതൃകയാക്കണമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. നേരത്തെ വിഡി സതീശനെ വിമർശിച്ച് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണിയും രംഗത്തെത്തിയിരുന്നു. റോമാനഗരം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടുണ്ടെന്നായിരുന്നു വിമർശനം.
Former minister V. Sivankutty strongly criticized V.D. Satheesan, alleging that he attended a feast hosted by a Youth League leader while people were suffering due to heavy rain and flood-related hardships. Sivankutty questioned Satheesan's priorities and condemned his participation during the ongoing crisis.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |