SignIn
Kerala Kaumudi Online
Thursday, 17 September 2026 2.35 PM IST

കേരള സർവ്വകലാശാല കലോത്സവം കലാപോത്സവമായി, നാണംകെട്ട് തിരശ്ശീല വീഴ്ത്തി വി.സിയുടെ ഉത്തരവിന് സ്വാഗതവും എതിർപ്പും

READ ENGLISH VERSION

dance

തിരുവനന്തപുരം: കേരള സർവ്വകലാശാലയ്ക്ക് അലങ്കാരമായിരുന്ന കലോത്സവം കലാപോത്സവമായതോടെ സമാപനസമ്മേളനം ഉൾപ്പെടെ എല്ലാ പരിപാടികളും നിറുത്തിവച്ചു. കേരള യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ദുരവസ്ഥ ഉണ്ടാകുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കലോത്സവം നിറുത്തിവയ്ക്കാൻ വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നിർദ്ദേശിച്ചതിനെത്തുടർന്ന് കലാശാല രജിസ്ട്രാർ കെ.എസ്.അനിൽകുമാറാണ് ഉത്തരവിറക്കിയത്. ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംഘാടകരും മത്സരാർത്ഥികളും രംഗത്തെത്തിയെങ്കിലും കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.

സ‌ർവ്വകലാശാല യൂണിയന്റെ പിടിപ്പുകേടും രാഷ്ട്രീയാതിപ്രസരവുമാണ് വ്യാഴാഴ്ച മുതൽ തലസ്ഥാനത്ത് നടന്നുവന്ന കലോത്സവത്തെ കൂടുതൽ വഷളാക്കിയതെന്നാണ് മത്സരാർത്ഥികളുടെ ആരോപണം.

കലോത്സവം തുടങ്ങിയ ദിവസം മുതൽ സംഘർഷാവസ്ഥയും ഉടലെടുത്തിരുന്നു. കൈക്കൂലി വാങ്ങി ഫലം അട്ടിമറിച്ചതിന് വിധികർത്താവിനെ വേദിയിൽ നിന്ന് അറസ്റ്റ് ചെയ്തതതടക്കമുള്ള അസാധാരണ സംഭവവും അരങ്ങേറി. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തർ കലോത്സവവേദിക്കരികിൽ പ്രതിഷേധിക്കുകയും ഇരു വിഭാഗങ്ങളിലും പെട്ടവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കൂടുതൽ സംഘർഷസാദ്ധ്യത കണക്കിലെടുത്തായിരുന്നു വി.സിയുടെ ഇടപെടൽ. ഇന്നലെ രാവിലെ 9ന് പ്രധാനവേദിയായ സെനറ്റ് ഹാളിൽ നടക്കേണ്ടിയിരുന്ന സംഘനൃത്തം നടത്താനുമായില്ല. തുടർന്ന് വൈകിട്ട് 5.20ന് വിവിധ കോളേജുകൾ ഇതേവേദിയിൽ പ്രതിഷേധ നൃത്തം അവതരിപ്പിച്ചു. ഇതിനിടെ പലതവണ കലോത്സവം നിറുത്തുകയും പുനരാരംഭിക്കുകയും ചെയ്തിരുന്നു. വേദികളിലെ ഗുരുതര സാഹചര്യവും വിദ്യാർത്ഥികളുടെ സുരക്ഷയും പരിഗണിച്ച് യുവജനോത്സവത്തിന്റെ തുടർസംഘാടനം നിറുത്തിവയ്‌ക്കാനായിരുന്നു വി.സിയുടെ നിർദ്ദേശം. കലോത്സവത്തിന്റെ സമാപന സമ്മേളനം സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും വി.സി വ്യക്തമാക്കി.

ഇന്നലെ നടന്നത്

ഇന്നലെ രാവിലെ മുതൽ നാടകീയ സംഭവങ്ങളാണ് സെനറ്റ് ഹാളിൽ അരങ്ങേറിയത്.തിരുവാതിരയുടെയും മാർഗംകളിയുടെയും ഫലം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്സിറ്റി,​ ഗവ.വിമെൻസ് കോളേജ് വിദ്യാർത്ഥിനികൾ ഹാളിലെ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനാലാണ് സംഘനൃത്തം നടത്താൻ കഴിയാതിരുന്നത്. ഉച്ചയോടെ തിരുവാതിര,​ മാർഗംകളി മത്സരങ്ങളുടെ ഫലം റദ്ദാക്കിയതായി കോളേജ് പ്രതിനിധികളുടെ യോഗത്തിനുശേഷം അപ്പലേറ്റ് കമ്മിറ്റി അറിയിച്ചു. ഇതോടെ വിദ്യാർത്ഥികൾ സെനറ്റ് ഹാളിൽ കുത്തിയിരുന്നു. പ്രതിഷേധത്തിനിടെ പലതവണ വേദിയിൽ ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. എസ്.എഫ്.ഐ പ്രവർത്തകരും യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളും തമ്മിലും ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പൊലീസും സർവകലാശാല ഉദ്യോഗസ്ഥരും ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിക്കുകയായിരുന്നു.

ലോകോളേജ് കെ.എസ്.യു യൂണിറ്റ് സെക്രട്ടറി നിതിൻ തമ്പി ഉൾപ്പെടെയുളളവർക്ക് മർദ്ദനമേറ്റ സംഭവത്തിൽ 16 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച സെനറ്റുഹാളിനരികിൽ ഞായറാഴ്ച കുത്തിയിരുന്ന കെ.എസ്.യു പ്രവർത്തകരെ ബലംപ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOUTH FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA