
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ 40 ദിവസമായി ആശമാർ നടത്തുന്ന സമരത്തെ തള്ളി സർക്കാർ. സമരക്കാരുടെ ശാഠ്യവും നിർബന്ധബുദ്ധിയുമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്ന് നിയമസഭയിൽ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മറുപടി പറയുകയായിരുന്നു രാജേഷ്. ന്യായമായ സമരത്തെ പുച്ഛിക്കുന്ന സമീപനമാണ് സർക്കാരിനെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
കേന്ദ്രം ഇൻസെന്റീവും സംസ്ഥാനം ഓണറേറിയവും വർദ്ധിപ്പിച്ച് ഒത്തുതീർപ്പുണ്ടാക്കണമെന്ന് സബ്മിഷൻ അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമരക്കാരെ പരിഹസിക്കുകയും പുച്ഛിക്കുകയുമാണ്. സമരത്തിന് ആളില്ലെന്ന് പറഞ്ഞ് നിഷേധാത്മക നിലപാടെടുക്കുകയാണ്. ന്യായമായ പരിഹാരമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.
വാക്കൗട്ട് പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷ അംഗങ്ങൾ ശ്രമിച്ചു. അടുത്ത സബ്മിഷന് കെ.ബാബുവിനെ സ്പീക്കർ ക്ഷണിച്ചതോടെ ചാണ്ടിഉമ്മൻ, രാഹുൽമാങ്കൂട്ടത്തിൽ, മാത്യുകുഴൽനാടൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷം നടുത്തളത്തിലേക്ക് കുതിച്ചെത്തി. ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റ് ബഹളംവച്ചു. സ്പീക്കർ ഏറെ പണിപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. പ്രതിപക്ഷനേതാവിനെ രണ്ടുമിനിട്ട് സംസാരിക്കാൻ അനുവദിക്കാതെ ഭരണപക്ഷത്തെ 99 പേർ ബഹളമുണ്ടാക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
സമരത്തിൽ 1.34% പേർ മാത്രമെന്ന് മന്ത്രി രാജേഷ്
ആശമാരുടെ സമരം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും പരിഹരിക്കപ്പെട്ട ആവശ്യങ്ങൾ വീണ്ടുമുന്നയിച്ച് എങ്ങനെയും സമരം നീട്ടിക്കൊണ്ടുപോവുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി രാജേഷ് പറഞ്ഞു. ആശമാരെ ഹെൽത്ത് വർക്കർമാരാക്കുകയെന്ന യഥാർത്ഥ ആവശ്യമുന്നയിക്കുന്നില്ല. കേന്ദ്രത്തെ സഹായിക്കുന്ന സമരമാണിത്. 26000ആശമാരിൽ 354പേർ മാത്രമാണ് സമരത്തിലുള്ളത്. ഇത് 1.34% മാത്രമാണ്. സമരക്കാർ പിടിവാശി ഉപേക്ഷിച്ചാൽ പരിഹാരമുണ്ടാവും. അല്ലെങ്കിൽ ആരു വിചാരിച്ചാലും പരിഹരിക്കാനാവില്ല. ഒറ്റ തൊഴിലാളി സംഘടനയും സമരത്തെ പിന്തുണയ്ക്കുന്നില്ല.
ഇപാധിരഹിത ഓണറേറിയം അടക്കം അംഗീകരിക്കാൻ പറ്റുന്നവ അംഗീകരിച്ചു. വോളണ്ടിയർ എന്നതുമാറ്റി ഹെൽത്ത് വർക്കർമാരാക്കിയാലേ ആശമാർക്ക് മിനിമംകൂലി, പെൻഷൻ, പി.എഫ്, ഇ.എസ്.ഐ, ഗ്രാറ്റുവിറ്റി എന്നിവ ലഭിക്കൂ. ആശമാരോട് കേന്ദ്രം വഞ്ചനകാട്ടി. ഉറപ്പുള്ള പതിനായിരം രൂപ ഓണറേറിയത്തിൽ 8200 സംസ്ഥാനവും 1800കേന്ദ്രവുമാണ് നൽകുന്നത്. എന്നിട്ടും സംസ്ഥാനത്തിനെതിരെയാണ് സമരം. ആശമാരോട് സർക്കാരിന് അനുഭാവപൂർണമായ നിലപാടാണ്.
നദ്ദ - വീണ കൂടിക്കാഴ്ച അടുത്തയാഴ്ച
ആശാവർക്കർമാരുടെ വേതനം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജും അടുത്തയാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയേക്കും. തന്നെ കാണാൻ വ്യാഴാഴ്ച വീണാ ജോർജ് ഡൽഹിയിൽ വന്ന വിവരം അറിഞ്ഞില്ലെന്ന് നദ്ദ പറഞ്ഞു.
വീണാജോർജിന് കൂടിക്കാഴ്ച നിഷേധിച്ചതെന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നുണ്ടെന്നും വസ്തുത അറിയിക്കണമെന്നും ഇന്നലെ ലോക്സഭയിൽ കോൺഗ്രസ് എം.പി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സഭയിൽ മറുപടി പറയാതെ ചേംബറിൽ കാണാൻ വേണുഗോപാലിനോട് നദ്ദ ആവശ്യപ്പെട്ടു. പിന്നീട് പാർലമെന്റിൽ മാദ്ധ്യമ പ്രവർത്തകർ കണ്ടപ്പോഴാണ് അടുത്തയാഴ്ച കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുമെന്ന് നദ്ദ അറിയിച്ചത്. എയിംസ് വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി.തോമസും നദ്ദയെ കാണാൻ സമയം തേടിയിട്ടുണ്ട്.
കേരളത്തിൽ ആശാവർക്കർമാർ സമരത്തിലാണെന്നും വേതന വർദ്ധനവ് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം കുറ്റപ്പെടുത്തുകയാണെന്നും കെ.സി.വേണുഗോപാൽ ലോക്സഭയിൽ ചൂണ്ടിക്കാട്ടി. കുറ്റപ്പെടുത്തൽ പ്രതിസന്ധി പരിഹരിക്കാനുള്ള വഴിയല്ല. ആശാവർക്കർമാരെ തൊഴിലാളികളായി കണക്കാക്കണമെന്നും കുറഞ്ഞ വേതനവും വിരമിക്കൽ ആനുകൂല്യങ്ങളും ഉറപ്പാക്കണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |